കണ്ണൂർ: ശക്തമായ മഴ തുടരുന്ന ജില്ലയില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തെ തുടര്‍ന്നുള്ള മരണം ജില്ലയില്‍ ആറായി.പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന്‍ ആര്‍ബിന്‍ ആണ് മരണപ്പെട്ട രണ്ടുവയസ്സുകാരന്‍. വീട്ടിനടുത്ത വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം.

വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62), പയ്യന്നൂര്‍ കോറോം മുതിയലം സ്വദേശി കൃഷ്ണന്‍ (62) എന്നിവരാണ് ഇന്ന് (ശനിയാഴ്ച) മരണപ്പെട്ട മറ്റു രണ്ടു പേര്‍. ഇരുവരും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്.

പുളിങ്ങോം ആറാട്ട് കടവ് കോളനിയിലെ പുതിയ വീട്ടില്‍ പത്മനാഭന്‍ (51) വെള്ളിയാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇരിട്ടി വയന്നൂര്‍ രണ്ടാംകൈയില്‍ വില്ലന്‍പാറ ജോയി(72), പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍ (55) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു.