കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ അനുഭവപ്പെടുന്ന ശക്തമായ മഴയ്ക്കു ശമനം. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് ശരാശരി 62.07 മില്ലിമീറ്ററായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 150 മില്ലിമീറ്ററിനു മുകളിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 24 മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മാനന്തവാടി താലൂക്കിലാണ്. മാനന്തവാടിയിൽ 101 മില്ലിമീറ്ററും വൈത്തിരിയിൽ 53 മില്ലിമീറ്ററും സുൽത്താൻ ബത്തേരിയിൽ 32.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

മഴ കുറഞ്ഞ സാഹചര്യത്തിൽ ബാണസുര സാഗർ, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിലവിൽ ശാന്തമാണ്. ബാണാസുര ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറന്നു 35.83 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസർവോയിറിലൂടെ മൈസൂരിലേക്കു കഴിഞ്ഞവർഷത്തേക്കാൾ കുടുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ നിലവിലെ വെള്ളക്കെട്ടിന് പരിഹാരമാവുമെന്നാണ് വിലയിരുത്തൽ. നിലവിൽ 203 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അപകട സാധ്യത നേരിടുന്ന പ്രദേശങ്ങളിലെ 9,642 കുടുംബങ്ങളിൽ നിന്നും 35,155 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഗതാഗതം സാധാരണ നിലയിലേക്ക്
കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞും വെള്ളംകയറിയും തടസ്സം നേരിട്ട റോഡുകൾ സാധാരണ നിലയിലേക്ക്. ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ട കുറ്റ്യാടി, പാൽചുരം റോഡുകൾ ഗതാഗതയോഗ്യമാക്കി. താമരശ്ശേരി ചുരം, ബാവലി, കാട്ടിക്കുളം തോൽപ്പട്ടി, പനമരം, ചുള്ളിയോട്, വടുവൻചാൽ എന്നി റോഡുകളിലേയും തടസ്സം നീക്കി. മുത്തങ്ങയിലും നടവയലും ഗതാഗത തടസ്സം മാറിതുടങ്ങി. ഗുഡല്ലൂർ വഴിയുള്ള ഊട്ടി റോഡ് അടഞ്ഞുകിടക്കുകയാണെന്ന് പൊലീസ് കൺട്രോൾ റൂം അറിയിച്ചു.