പത്തനംതിട്ട: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.  വെള്ളം കയറിയ മല്ലപ്പള്ളി താലൂക്കിലെ പടുതോട് പാലം, മല്ലപ്പള്ളി പാലം, മല്ലപ്പള്ളി തിരുമാലിട ശ്രീ മഹാദേവ ക്ഷേത്രം, മല്ലപ്പള്ളി മുട്ടത്തുമണ്‍, മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പ് എന്നിവിടം സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
കഴിഞ്ഞ ദിവസം രാത്രിയില്‍ മഴയുടെ തോത് വര്‍ധിച്ചതോടെ മണിമലയാറില്‍ നാല് മുതല്‍ അഞ്ച് അടിയോളം വെളളം ഉയര്‍ന്നു. കൂടാതെ പമ്പയാറിലും വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നതായ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ തുടര്‍ന്നും മഴ വലിയ തോതില്‍ ശക്തി പ്രാപിച്ചാല്‍ മാത്രമേ അപകട സാധ്യതയുളളൂ. സ്ഥിതി നിയന്ത്രണ വിധേയമാണ്.
മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍ നദികളുടെ തീരദേശവാസികള്‍ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വരും ദിവസങ്ങളില്‍ തിരുവല്ലയില്‍ ഒന്നോ, രണ്ടോ അടി വെളളം ഉയരാനുളള സാധ്യതയുണ്ട്. ഇതനുസരിച്ചുളള നിര്‍ദേശങ്ങളാണ് താലൂക്ക്-വില്ലേജ് തലങ്ങളില്‍ നല്‍കുന്നത്.
തിരുവല്ലയില്‍ അടുത്ത ദിവസങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വന്നാല്‍ അടിയന്തരമായി നടപടി കൈക്കൊളളുമെന്നും നിലവിലെ ക്യാമ്പുകളില്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. മഴ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യമില്ല. നിലവില്‍ പമ്പ, കക്കി ഡാമുകളില്‍ യഥാക്രമം 45 ശതമാനവും, 55 ശതമാനവും ജലമാണ് ഉള്ളതെന്നും കളക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ബീനാ റാണി, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ ടി എ മധുസൂധനന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജി ആനന്ദ്, വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.