കോതമംഗലം: ഉറിയം പെട്ടി ആദിവാസിക്കുടിയിൽ ആശ്വാസമായി ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ക്യാമ്പ്. പേമാരിയിലും വെള്ളപൊക്കത്തിലും ഒറ്റപ്പെട്ട് പോയ കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടിയിലെ ആദിവാസി കുടുംബങ്ങൾക്കാണ് ക്യാമ്പ് ആശ്വാസമായത്. കനത്ത മഴയും കാനന പാതയിലെ തടസ്സങ്ങളും മറികടന്ന് കുട്ടമ്പുഴയിൽ നിന്ന് അഞ്ചര മണിക്കൂറോളം സഞ്ചരിച്ചാണ് ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിലെത്തിയത്.
കാണിക്കാരൻ കുഞ്ചിയപ്പൻ, ഊര് മൂപ്പൻ കാളിയപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന് കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ: അനൂപ് തുളസി, ജില്ലാ ട്രൈബൽ മൊബൈൽ ടീമിലെ ഡോ. ദീപേഷ് എന്നിവർ രോഗികളെ പരിശോധിച്ച് മരുന്ന് നൽകി. ഇതിന്റെ ഭാഗമായി ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി.
ബ്ലോക്ക് സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ടി.എം.ഷാജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ആർ.സുഗുണൻ, ടി.കെ. ഷിജു നഴ്സ് പി.പി. ഉഷാകുമാരി എന്നിവരാണ് ക്യാമ്പിനും ക്ലാസിനും നേതൃത്വം നൽകിയത്. ഊരിലെ ആശ മാരായ ഷൈല സതീഷ്, ശ്രീദേവി രാമചന്ദ്രൻ, ആദിവാസി ആരോഗ്യ സുരക്ഷാ കേന്ദ്രത്തിലെ നഴ്സ് മേരി മനോജ് എന്നിവരാണ് ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. ആദിവാസി കുടിയിലെ 95 ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു