അകത്തേത്തറ- നടക്കാവ് മേല്‍പ്പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൊതു വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അകത്തേത്തറ പഞ്ചായത്ത് കല്യാണമണ്ഡപം ഹാളില്‍ നടന്ന പൊതു വിചാരണയില്‍ 30 കക്ഷികള്‍ പങ്കെടുത്തു. നഷ്ടപരിഹാര തുക സംബന്ധിച്ച സര്‍ക്കാര്‍ പാക്കേജ് ഡെപ്യൂട്ടി കലക്ടര്‍ യോഗത്തില്‍ അവതരിപ്പിച്ചു. വിലയും നഷ്ടപരിഹാരത്തുകയും സംബന്ധിച്ച്  ഭൂമി വിട്ടുകൊടുക്കേണ്ട കക്ഷികള്‍ അഭിപ്രായം രേഖപ്പെടുത്തി. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍, ലാന്‍ഡ് അക്വിസിഷന്‍ ജനറല്‍ തഹസില്‍ദാര്‍ ബി. ബിനുമോന്‍, ജൂനിയര്‍ സൂപ്രണ്ട് കെ.പി രമേശ് എന്നിവര്‍ പങ്കെടുത്തു.

അകത്തേത്തറ നടക്കാവ് മേല്‍പ്പാലം

2017- 18 ബജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടി കിഫ്ബിയില്‍ നിന്നും മേല്‍പ്പാല നിര്‍മാണത്തിനായി നീക്കിവെച്ചിട്ടുണ്ട്. 35 ഓളം സ്ഥലം ഉടമകളില്‍ നിന്നായി ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലമുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക നല്‍കാന്‍ വിലനിര്‍ണയ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക പാക്കേജ് പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. നാലുകോടി 64 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതിനായി ചെലവഴിക്കേണ്ടത്. പാലക്കാട് -2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 42 സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെ റെയില്‍ പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10. 90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പാലം നിര്‍മിക്കുക. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം. പത്തു വ്യക്തികള്‍ മേല്‍പ്പാല നിര്‍മാണ ചുമതലയുള്ള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പേരില്‍ സ്വന്തം സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്.