കനത്തമഴയിൽ ഉരുൾപൊട്ടി 10 പേർ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിലെ ദുരന്തഭൂമി മന്ത്രി കെ.കെ ശൈലജ സന്ദർശിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കുശേഷം രാവിലെ പതിനൊന്നോടെയാണ് മന്ത്രി പുത്തുമലയിലെത്തിയത്.

പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ മന്ത്രി സി.കെ ശശീന്ദ്രൻ എം.എൽ.എയോടും സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, വൈത്തിരി തഹദിൽദാർ(എൽ.ആർ) ടി.പി ഹാരീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ രജ്ഞിത്ത് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചോദിച്ചറിഞ്ഞു. സ്ഥലത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാമ്പും മന്ത്രി സന്ദർശിച്ചു.

തുടർന്ന് പുത്തുമല ദുരന്തഭൂമിയിൽ നിന്നും മാറ്റിതാമസിപ്പിച്ചവരെ കാണാൻ മേപ്പാടി പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി എത്തി. സെന്റ് ജോസഫ് സ്‌കൂൾ, മൂപ്പൈനാട് എച്ച്എംഎൽ ആശുപത്രി, മൗണ്ട് ടാബോർ സ്‌കൂൾ, മേപ്പാടി ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ സന്ദർശിച്ചു. മന്ത്രിയും ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും ഉച്ചഭക്ഷണം മേപ്പാടി ജിഎച്ച്എസ്എസ്സിലെ അന്തേവാസികളൊടൊപ്പമാണ് കഴിച്ചത്.