പത്തനംതിട്ട: പന്തളം ചേരിക്കല്‍ നെല്ലിക്കലില്‍ പോസ്റ്റ് കമ്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. നെല്ലിക്കല്‍ ഹരീന്ദ്രന്‍പിള്ള, രവീന്ദ്രന്‍പിള്ള, രാജേന്ദ്രന്‍പിള്ള, ഡ്രീംകുമാര്‍, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റ്യന്‍, ഹരിലാല്‍, രവീന്ദ്രന്‍, ശാരദ, രേണുക, വിജയമ്മ, രേഖ, രജനീഷ്, വിജയമ്മ, ശിവന്‍, തമ്പി, ബാലകൃഷ്ണന്‍, ബിജു, സണ്ണി, ഉണ്ണി എന്നിവരുടെ കുടുംബമാണ് കുടുങ്ങിക്കിടന്നിരുന്നത്.

ഈ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയില്ലെങ്കിലും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു. പ്രായമായവരും രോഗികളും ഉള്‍പ്പടെ അന്‍പതില്‍ അധികം ആളുകള്‍ വീടുകളില്‍ ഉണ്ടായിരുന്നു. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച ഇവിടെ വെള്ളം കൂടി. കരിങ്ങാലി പാടശേഖരത്തിന് സമീപത്താണ് ഈ പ്രദേശം. പത്തനംതിട്ട, അടൂര്‍, റാന്നി എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നിശമനസേന ഫൈബര്‍ ബോട്ട്, റബര്‍ ഡിങ്കി എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പത്തനംതിട്ട  സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അജികുമാര്‍, അടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  രക്ഷപെടുത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ സതി, കൗണ്‍സിലര്‍ ഷാ കോടാലിപറമ്പില്‍, പന്തളം ജനമൈത്രി പൊലീസ് അംഗങ്ങളായ അമീഷ്, സുനി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.