റവന്യു മന്ത്രി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
വെബ്സൈറ്റ് പ്രകാശനം ചെയ്തു

കാസർഗോഡ് ജില്ലാ ഭരണകൂടം അംഗപരിമിതര്‍ക്കായി നടപ്പിലാക്കുന്ന വി ഡിസര്‍വ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 336  അംഗപരിമിതര്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കി.   വിതരണോദ്ഘാടനം  പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നടന്ന ചടങ്ങില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മുനീസ അമ്പലത്തറയ്ക്ക് ബ്രയ്‌ലികെയ്‌നും സ്മാര്‍ട്ട് ഫോണും നല്‍കി നിര്‍വഹിച്ചു.
പദ്ധതിയുടെ വെബ്സൈറ്റ് പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.   എന്‍ എസ് എസ് യൂണിറ്റുകള്‍ക്കും വിവിധ വകുപ്പുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.   2016 ദേശീയ അംഗപരിമിത നിയമം നടപ്പാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കാസര്‍കോട് മാറിയെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.ശരിയായ വ്യക്തിക്ക് ശരിയായ സമയത്ത് ആവശ്യമായ സഹായം എത്തിക്കുക എന്നതാണ് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന  വി ഡിസര്‍വിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ www.wedeserve.in എന്ന വെബ്സൈറ്റിന്റെ ഔദ്യോഗിക ലോഞ്ചിങ്ങും ചടങ്ങില്‍ നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ എഡിഐപി പദ്ധതിയുമായി സഹകരിച്ചാണ് വി ഡിസര്‍വ് പദ്ധതി  നടപ്പിലാക്കുന്നത്. എ ഡി ഐ പി സ്‌കീം പ്രകാരം ജില്ലയില്‍ നടത്തിയ ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത  336 പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോ യുടെ സഹകരണത്തോടെയാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. ജില്ലാ ഭരണകൂടത്തിനുവേണ്ടി കേരള സാമൂഹിക സുരക്ഷ മിഷനാണ് പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്നത്.

വീല്‍ ചെയര്‍, എം.ആര്‍ കിറ്റ്, ബ്രെയ്ലികെയ്ന്‍, സ്മാര്‍ട്ട് ഫോണ്‍,  ശ്രവണസഹായ ഉപകരണങ്ങള്‍, വിവിധതരം ക്രച്ചസ് തുടങ്ങിയ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ജില്ലാ ഭരണകൂടം അംഗപരിമിതര്‍ക്കായി നടപ്പിലാക്കുന്ന വി ഡിസര്‍വ് പദ്ധതിയില്‍ 3416 പേരെയാണ് പരിശോധിച്ചത്.

ആദ്യഘട്ടത്തില്‍ 1433 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ജില്ലയില്‍ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ സംഘടിപ്പിക്കുന്ന അംഗപരിമിത നിര്‍ണ്ണയക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് 18672 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ക്യാമ്പില്‍1535 പേര്‍ക്കും രണ്ടാംഘട്ടത്തില്‍ 1846പേരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ 48 പേര്‍ക്ക് ഈ പദ്ധതിയിലൂടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.
ചടങ്ങില്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഗംഗ രാധാകൃഷ്ണന്‍, ഡി എം ഒ, ഡോ. എ പി ദിനേശ്കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി ഭാസ്‌കരന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേന ഭരതന്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, കെ എസ് എസ് എം ജില്ലാ കോഡിനേറ്റര്‍ ജിഷോ ജെയിംസ്, നെഹ്റു കോളേജ് പ്രിന്‍സിപ്പള്‍ ടി വിജയന്‍  സംസാരിച്ചു. അലിംകോ ഓഫീസര്‍ ലിറ്റണ്‍ സര്‍ക്കാര്‍ മുഖ്യാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.