ഇടുക്കി: പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കി മൂന്നാറിലെ ജനമൈത്രി പോലീസ്. പദ്ധതി  എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അപേക്ഷകള്‍ എഴുതി വാങ്ങുന്നതിനായി സാധാരണക്കാരുടെ പക്കല്‍ നിന്നും വന്‍തുക ഈടാക്കുന്നതിന് തടയുകാണ് പദ്ധതിയിലൂടെ മൂന്നാര്‍ പോലീസ് നടപ്പിലാക്കുന്നത്. സൗജന്യമായി പരാതികളും അപേക്ഷകളും എഴുതി കൊടുക്കുവാനുള്ള സൗകര്യമാണ് മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുള്ളത്.

മൂന്നാര്‍ ഡി.വൈ.എസ്.പി എം. രമേഷ് കുമാറിന്റെ പ്രത്യേക താല്പര്യമാണ് ഇത്തരമൊരു സൗകര്യം നടപ്പിലാക്കുവാന്‍ കാരണമായത്. പോലീസ് സ്റ്റേഷനില്‍ പരാതികളുമായെത്തുന്നവര്‍ക്ക്  അപേക്ഷകളുടെ പേരില്‍ പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതും നടപ്പിലാക്കിയതും. മൂന്നാറിലെത്തുന്ന പരാതികളില്‍ ഏറെയും തമിഴ് തൊഴിലാളികളില്‍ നിന്നാണ്.

സ്റ്റേഷനില്‍ നല്‍കേണ്ട പരാതി മലയാളത്തില്‍ നല്‍കേണ്ടതിനാല്‍ മലയാളത്തില്‍ അപേക്ഷകള്‍ എഴുതുന്നതിനായി പുറമേ നിന്നുള്ളവരെ ആശ്രയിച്ചാണ് എഴുതിയിരുന്നത്. തൊഴിലാളികളുടെ  അവസ്ഥ മുതലെടുത്ത് പരാതികള്‍ എഴുതുന്നതിനായി ഇത്തരക്കാര്‍ വന്‍തുകയാണ് ഈടാക്കിയിരുന്നത്.

പോലീസിന്റെ നേത്യത്വത്തില്‍ ആരംഭിച്ച പരാതികള്‍ എഴുതുന്ന സംവിധാനം സ്വാഗതാര്‍ഹമാണെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഒരു പരാതി എഴുതുന്നതിനായി 50 രൂപ മുതല്‍ 300 രൂപ വരെ നല്‍കിയിരുന്നതായി തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞതോടെയാണ് ഇത്തരമൊരു സൗകര്യമൊരുക്കുവാന്‍ പോലീസ് തീരുമാനിച്ചത്.

മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ കവാാടത്തില്‍   തന്നെ  പോലിസിന്റെ സേവനം ഇതിനായി വിനിയോഗിക്കും. സംസ്ഥാനത്തു തന്നെ ഇത്തരമൊരു സംവിധാനം അദ്യമായിട്ടാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ മാസം ദേവികുളത്തെ റവന്യൂ ഓഫീസിലും ഇത്തരമൊരു സൗകര്യം നടപ്പിലാക്കിയിരുന്നു.