കാസർഗോഡ്: ഓരോ തദേശ സ്വയം ഭരണസ്ഥാപനങ്ങളും അവരുടെ  കടമ മാതൃകാപരമായി നിര്‍വ്വഹിക്കണമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്  ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുജനങ്ങള്‍ക്ക്  സേവനം നല്‍കുന്നതില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം മികവുറ്റതാണെന്നും  മന്ത്രി പറഞ്ഞു.
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരത്തില്‍ അവരുടെ കടമ മാതൃകാപരമായി ചെയ്താല്‍ ഐ എസ് ഒ  സെര്‍ട്ടിഫിക്കറ്റ്  പോലുള്ള അംഗീകാരം തേടിയെത്തും.  ആവിഷ്‌കരിക്കുന്ന ഓരോ പദ്ധതിയും മികവുറ്റതായിരിക്കണം. പൊതുജന താല്‍പര്യം സംരക്ഷിച്ച് കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തില്‍ എത്തുന്ന പൊതുജനത്തിന് അര്‍ഹമായ സേവനങ്ങള്‍ ലഭിക്കാന്‍  ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്.
ഭരണ സമിതിയും ഉദ്യോഗസ്ഥരും,  പൊതുജനങ്ങളുമായി ഇഴ ചേര്‍ന്ന് മുന്നോട്ട് പോകണമെന്നും മന്ത്രി  പറഞ്ഞു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍  ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ബ്ലോക്ക് റിസോഴ്‌സ്’ സെന്റര്‍ ഉദ്ഘാടനം ചെയ്തു.  പി എ യു പ്രൊജക്ട് ഡയറക്ടര്‍  കെ പ്രദീപന്‍ സൂചിക ഇ ഫയല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.നവീകരിച്ച റെക്കോര്‍ഡ് മുറി അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി ദാമോദരന്‍, ശാരദ എസ് നായര്‍, കെ മുഹമ്മദ് അലി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം കുഞ്ഞമ്പു, ഇന്ദിര ബാലന്‍, സൈനബ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കുഞ്ഞിരാമന്‍ മാസ്റ്റര്‍,വനിത ക്ഷേമ ഓഫീസര്‍ സുരേഷ് കസ്തൂരി, ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി.വി. ജസീര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് എം ജിതേഷ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍  എന്നിവര്‍ പങ്കെടുത്തു.