പാലക്കാട്: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഖാദി ഓണം മേള 2019 ന് തുടക്കമായി. ജില്ലാ കാര്യാലയത്തില്‍ നടന്ന മേളയുടെ ജില്ലാതല ഉദ്ഘാടനം പ്രൊജക്ട് ഓഫീസര്‍ പി.എസ്. ശിവദാസന്‍ നിര്‍വഹിച്ചു.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സെപ്തംബര്‍ 10 വരെ 10 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ഉണ്ടായിരിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് നിലവിലുള്ള 20 ശതമാനം നോര്‍മല്‍ റിബേറ്റിനു പുറമെയാണ് സ്‌പെഷ്യല്‍ റിബേറ്റ് അനുവദിക്കുക. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.

കൂടാതെ ഓരോ 1000 രൂപയുടെ പര്‍ച്ചേയ്‌സിനും സമ്മാനകൂപ്പണ്‍ ലഭിക്കുന്നതാണ്. ഒന്നാം സമ്മാനമായി 10 പവന്‍ സ്വര്‍ണനാണയവും രണ്ടാം സമ്മാനമായി അഞ്ച് പവന്‍ സ്വര്‍ണനാണയവും മൂന്നാം സമ്മാനത്തിന് ഒരു പവന്‍ സ്വര്‍ണനാണയവുമാണ് ലഭിക്കുക. ഇതിനു പുറമെ മേളയുടെ കാലയളവില്‍ ആഴ്ചതോറും ജില്ലാതല നറുക്കെടുപ്പും ഉണ്ടായിരിക്കും.

ഖാദി ബോര്‍ഡിന്റെ കീഴില്‍ കോട്ടമൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യല്‍ റിബേറ്റ് ലഭ്യമാണ്.