– കളക്ഷൻ സെന്ററുകളിൽ എത്തിയത് 128 ടൺ അരി

പ്രളയം കവർന്ന വയനാടിനെ കൈപിടിച്ചുയർത്താൻ നാട് ഒന്നിച്ചു. മൂന്നു താലൂക്കുകളിലായി സജ്ജീകരിച്ച കളക്ഷൻ സെന്ററുകളിൽ എത്തിയത് 128 ടൺ അരി. ഇതിൽ 105 ടൺ മൂന്നു താലൂക്കുകളിലും ഉള്ള ദുരിതബാധിതർക്ക് വിതരണം ചെയ്തു. 23 ടൺ അരി വിതരണത്തിനായി സൂക്ഷിച്ചിട്ടുണ്ട്. പത്ത് ടണ്ണിലധികം പഞ്ചസാരയും 5,793 കിലോഗ്രാം റവയും സുമനസ്സുകൾ ദുരിതബാധിതർക്കായി കളക്ഷൻ സെന്ററുകളിൽ എത്തിച്ചു.

വിവിധ കളക്ഷൻ സെന്ററുകളിൽ ലഭിച്ച ഇതര ഭക്ഷ്യ വസ്തുക്കൾ കിലോഗ്രാമിൽ: ജാഗിരി – 523, അവിൽ- 2114, അരിപ്പൊടി- 1014, ഗോതമ്പ് പൊടി- 5176.5, മൈദ- 237, പരിപ്പ്- 2900.5, ചെറുപയർ- 5034.5, ഉഴുന്ന്- 2517, ഗ്രീൻപീസ്- 375, വൻപയർ- 3275.
വിവിധ ഭാഗങ്ങളിൽനിന്നായി 1064 ബോക്‌സ് ആവശ്യ മരുന്നുകളാണ് ജില്ലയിലേക്കെത്തിയത്. സ്‌കൂൾ വിദ്യാർഥികൾക്കായി പുസ്തകങ്ങൾ (എണ്ണത്തിൽ) – 18649, പേന- 4092, പെൻസിൽ- 2907, ബാഗ്- 1003, വാട്ടർബോട്ടിൽ- 322, കുട- 347, ഇൻസ്ട്രുമെന്റ് ബോക്‌സ്- 525 എന്നിവയും വ്യക്തികളും സംഘടനകളുമടക്കം ലഭ്യമാക്കി.

കൂടാതെ വീട്ടുപകരണങ്ങൾ, പച്ചക്കറികൾ, സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻസ്, ക്ലീനിങ് സാധനങ്ങൾ, ചെരുപ്പുകൾ തുടങ്ങിയവയെല്ലാം ചുരം കയറി ജില്ലയിലേക്കെത്തി. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും വിതരണം ചെയ്ത അവശ്യവസ്തുക്കളിൽ വിതരണത്തിനായി ബാക്കിയുള്ളവ വിവിധ കളക്ഷൻ സെന്ററുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, സുൽത്താൻ ബത്തേരി താലൂക്ക് ഓഫീസ്, മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് കളക്ഷൻ സെന്ററുകളുളളത്. റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും കളക്ഷൻ സെന്ററുകളിൽ സാധനങ്ങൾ ശേഖരിക്കാനും തരംതിരിച്ച് ക്യാമ്പുകളിൽ എത്തിക്കാനും രാപ്പകൽ പരിശ്രമിക്കുന്നുണ്ട്.