ഓണത്തിന് ന്യായ വിലയ്ക്ക് പച്ചക്കറി നല്‍കാന്‍ കൃഷി വകുപ്പ്
ഓണക്കാലത്ത് പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും  കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഓണ സമൃദ്ധി എന്ന പേരില്‍ കൃഷി വകുപ്പ് സ്റ്റാളുകള്‍ തുറക്കും. ഹോര്‍ട്ടികോര്‍പ്പിന്‍റെയും വി.എഫ്.പി.സി.കെയുടെയും സഹകരണത്തോടെ 184 ഓണച്ചന്തകളാണ് ആരംഭിക്കുന്നത്.
കൃഷി വകുപ്പിന്‍റെ 86ഉം ഹോര്‍ട്ടികോര്‍പ്പിന്‍റെ 82ഉം വി.എഫ്.പി.സി.കെയുടെ 16ഉം വില്‍പ്പന കേന്ദ്രങ്ങളാണ് സെപ്റ്റംബര്‍ ഏഴു മുതല്‍ 10  വരെ പ്രവര്‍ത്തിക്കുക.
പൊതുവിപണിയിലേക്കാള്‍ 10ശതമാനം അധിക വില നല്‍കി കര്‍ഷകരില്‍നിന്ന്  നേരിട്ട്  സംഭരിക്കുന്ന പച്ചക്കറികള്‍ വിപണി വിലയെക്കാള്‍ 30 ശതമാനം കുറച്ചാണ് വില്‍ക്കുക.  ജൈവ ഉല്‍പ്പന്നങ്ങള്‍ 20 ശതമാനം  അധിക വില നല്‍കി സംഭരിച്ച് പൊതു വിപണിയിലേക്കാള്‍ 10 ശതമാനം വില താഴ്ത്തി വില്‍പ്പന നടത്തും.അന്യസംസ്ഥാന പച്ചക്കറികളുടെ സംഭരണത്തിനും വിതരണത്തിനും  നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ  വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍നിന്നുള്ള ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, വെളുത്തുള്ളി എന്നിവ വിപണിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട് .

കര്‍ഷകരുടെ  മൂല്യവര്‍ധിത ഉത്പ്പന്നങ്ങളായ മറയൂര്‍ ശര്‍ക്കര, കേര വെളിച്ചെണ്ണ, മറയൂര്‍ വെളുത്തുള്ളി, തേന്‍ മുതലായവയും മില്‍മയുടെയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍റെയും ഉത്പന്നങ്ങളും ഓണസമൃദ്ധി സ്റ്റാളുകളില്‍ ലഭിക്കും.ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഓണസമൃദ്ധി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുകയും ചെയ്തു.  പ്രിന്‍സിപ്പില്‍ കൃഷി ഓഫീസര്‍  ബോസ് ജോസഫ് പദ്ധതി വിശദീകരിച്ചു. കൃഷിവകുപ്പ്, വി .എഫ് .പി. സി. കെ, ഹോര്‍ട്ടികോര്‍പ്പ്  ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.