ആലപ്പുഴ: സെക്കന്റുകളുടെ വ്യത്യാസത്തിന്  നാരായണൻ കുട്ടി എൻ.ഉദയൻ ക്യാപ്റ്റനായ കുപ്പപ്പുറം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്  തുഴഞ്ഞ നടുഭാഗം 67-ാമത് നെഹ്റു ട്രോഫിയിൽ മുത്തമിട്ടു. ഫൈനലിൽ തുഴയെറിഞ്ഞ നാലു ക്ലബ്ബുകൾ തമ്മിലുള്ള  അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടിവിലാണ്  4.25.83 സമയത്തിൽ നടുഭാഗം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അഞ്ച് സെക്കന്റുകളുടെ വ്യത്യാസത്തിലാണ് നാലുവള്ളങ്ങളും ഫിനിഷിങ് പോയിന്റ് കടന്നത്.

യു.ബി.സി കൈനകരി തുഴഞ്ഞ സാജുജേക്കബ് മലയിൽ ക്യാപ്റ്റനായ ചമ്പക്കുളം രണ്ടാം സ്ഥാനത്തെത്തി. 4.28.40 സമയത്തിലാണ് ഇവർ രണ്ടാമതെത്തിയത്. ദേബേഷ്‌കുമാർ ബഹ്‌റ ക്യാപ്‌ററനായ പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ 4.29.84 സമയത്തിന് മൂന്നാം സ്ഥാനത്തെത്തി. കൈപ്പുഴമുട്ട് എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിൻരെ ജിഫി ഫെലിക്‌സ് ക്യാപ്റ്റനായ ദേവസ് 4.30.28 സമയത്തിൽ നാലാം സ്ഥാനത്തെത്തി.
ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ വി.ജി.അജയൻ ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻരെ പായിപ്പാടൻ (4.42.06) ഒന്നാമതും മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ക്യാപ്റ്റനായ പുന്നമട ബോട്ട് ക്ലബ്ബിൻരെ ആയാപറമ്പ് പാണ്ടി (4.43.11) രണ്ടാം സ്ഥാനവും എബ്ലഹാം കോശി മൂന്നുതൈക്കൽ ക്യാപ്റ്റനായ എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിൻരെ ഗബ്രിയേൽ (4.43.49) മൂന്നാം സ്ഥാനവും കോരുത്ത് ജോൺ നായകനായ  വേമ്പനാട് ബോട്ട് ക്ലബ്ബിൻരെ വീയപുരം (4.43.78) നാലാം സ്ഥാനവും നേടി.

സെക്കന്റ്  ലൂസേഴ്‌സ് ഫൈനലിൽ ബിജോയ് എസ് നായകനായ കുമരകം കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സി കൊല്ലം തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ (4.53.51) ഒന്നും എ.ജെ.ചാക്കോ നയിച്ച മങ്കൊമ്പ് ഫൗണ്ടേഴ്‌സ് അക്കാദമി ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെന്റ് പയസ് ടെൻത് (4.54.34) രണ്ടും തോമസ്‌കുട്ടി മണ്ണന്തുരുത്തിൽ നായകനായ എടത്വ ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോർജ് (4.54.57) മൂന്നും ജെയിംസ്‌കുട്ടി ജേക്കബ് നയിച്ച ആർപ്പുക്കര നവജീവൻ ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി (4.55.14) നാലും സ്ഥാനത്തെത്തി.

മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ  ആലപ്പുഴ സിവിൽ സർവീസ് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻ (5.39.25) ഒന്നും ന്യൂ ചെറുതന ബോട്ട് ക്ലബ്ബിൻരെ കെ.മധു നായകനായ ചെറുതന (5.40.02) രണ്ടും വിവേകാന്ദൻ നയിച്ച വേണാട്ടുകാട് വി.ബി.സി ബോട്ട് ക്ലബ്ബിൻരെ മഹാദേവൻ (5.44.65) മൂന്നും ഫാദർ ഫിലിപ്പോസ് നായകനായ ചേന്നങ്കരി ലൂർദ് മാതാ ബോട്ട് ക്ലബ്ബിൻരെ ശ്രീഗണേശൻ (5.5.29) നാലും സ്ഥാനത്തെത്തി.