ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ പാതയിലാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍  പൊതുവിദ്യാലയങ്ങളെ ഹൈടെക്ക് ആക്കക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നുണ്ട്. പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തെ തുടര്‍ന്ന് 5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പുതുതായി പൊതുവിദ്യാലയങ്ങളില്‍ അഡ്മിഷന്‍ നേടിയതായും മന്ത്രി പറഞ്ഞു. ചോറ്റുപാറ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍  ജില്ലയിലെ മികച്ച പി.ടിഎക്കുള്ള  പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപക രക്ഷകര്‍ത്താ സംഘടനകളുടെ  പരിശ്രമ ഫലമായി സ്‌കൂളിന്റെ നിലവാരം മെച്ചപ്പെടുത്താനും കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധിച്ച ചോറ്റുപാറ സര്‍ക്കാര്‍ ഹൈസ്‌കൂളാണ് ജില്ലയിലെ മികച്ച പിടിഎക്കുള്ള പുരസ്‌കാരം കരസഥമാക്കിയത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്‌കൂളിന് വാഹനം അനുവദിക്കുമെന്നും സമ്മേളനത്തില്‍ മന്ത്രി പ്രഖ്യാപിച്ചു. യുപി വിഭാഗത്തില്‍ മികച്ച പിടിഎക്കുള്ള പുരസ്‌കാരം രാജകുമാരി ഹോളി ക്യൂന്‍സ് സ്‌കൂളും നേടി.  യോഗത്തില്‍ കട്ടപ്പന ലയണ്‍സ് ക്ലബിന്റെ പഠനസഹായം അന്നാ ജോസഫിനും, ദേശിയ വനിതാ വടംവലി മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ  അല്‍ഫോന്‍സാ തോമസിന്  ഉപഹാരവും നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊ്ച്ചുത്രേസ്യാ പൗലോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ഡി.ഇ.ഒ എന്‍ സഞ്ജീവ്, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതില്‍,   വൈസ് പ്രസിഡന്റ് ജെസിമോള്‍ കുര്യന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ജി.ഗോപികൃഷ്ണന്‍, കരുണാപുരം ഗ്രാമപഞ്ചായത്തംഗം ബിജു തകിടിയേല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റ്റിം.എം അബ്ദുള്‍ മുനീര്‍, കെ.എസ് ഷാജു പിടിഎ പ്രസിഡന്റ് കെ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും സംസാരിച്ചു.