പിറവം: നാടും നഗരവും സാക്ഷിയായി ജനകീയ കരുത്തിൽ പിറവം നഗരസഭയുടെ അത്താഘോഷം. വൈകിട്ട് നാലിന് സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സാംസ്കാരിക സമ്മേളനത്തോടെയാണ് നഗരസഭയുടെ അത്താഘോഷ പരിപാടികൾ ആരംഭിച്ചത്. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത എം. പി തോമസ് ചാഴികാടൻ പ്രാദേശിക ആഘോഷങ്ങൾ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള കരുത്ത് സമൂഹത്തിന് നൽകാൻ സാംസ്കാരിക സംഗമങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എം.എൽ.എ അനൂപ് ജേക്കബ് പിറവം, ബോട്ട് ലീഗ് മത്സരങ്ങളുടെ സ്ഥിരം വേദിയാകുമ്പോൾ ടൂറിസം രംഗത്ത് പിറവം കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടു. ലീഗ് മത്സരങ്ങളടക്കം ടൂറിസം വകുപ്പിന്റെ വിവിധ സംരംഭങ്ങൾ പ്രദേശത്തിന്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രയിൽ വിവിധ വാദ്യമേളങ്ങളും, കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണി നിരന്നു. നഗരസഭാ പരിധിയിലെ ജനങ്ങൾക്ക് പുറമേ സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരും ആഘോഷ പരിപാടികളിൽ പങ്കാളികളായി.
നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നഗരസഭാ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, മുൻ എം.എൽ.എ എം.ജെ ജേക്കബ്, നഗരസഭാംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ
പിറവം നഗരസഭ സംഘടിപ്പിച്ച അത്തം ഘോഷയാത്ര.