കൊച്ചി : ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം യാഥാർത്ഥ്യമായി. കാളമുക്ക് കവലയിൽ എസ്.ശര്‍മ്മ എംഎൽഎ പുതിയ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. വൈപ്പിൻ കരയുടെ പുരോഗതിയിലേക്കുള്ള പാതയിൽ സുപ്രധാന നേട്ടമാണിതെന്നും വൈപ്പിന്‍ ജനതയുടെ കൂട്ടായ്മയുടെയും ഒരുമയുടെയും വിജയമാണിതെന്നും എസ്.ശര്‍മ്മ എംഎൽഎ പറഞ്ഞു.
വൈപ്പിൻ കരക്കാരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബസ്സുകളുടെ നഗരപ്രവേശനത്തിന് തുടക്കമായത്. മുനമ്പം,ചെറായി,പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആരംഭിക്കുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഗോശ്രീപ്പാലം വഴി കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് മുതൽ സര്‍വീസ് നടത്തും. കൊച്ചി മെഡിക്കൽ കോളേജ്, അമൃതആശുപത്രി, വൈറ്റില, തൃപ്പൂണിത്തുറ, തോപ്പുംപടി, ഇന്‍ഫോപാര്‍ക്ക്, കാക്കനാട്, കരിമുഗള്‍, എറണാകുളം, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കാവും സര്‍വീസുകള്‍ നടത്തുകയെന്ന് എസ്.ശര്‍മ്മ എംഎൽഎ പറഞ്ഞു .
ചെറായിയി നിന്നും ആരംഭിക്കുന്ന ആകെ 48 സര്‍വീസുകളിൽ ആദ്യ സര്‍വീസ് രാവിലെ 6 നും അവസാനത്തേത് വൈകിട്ട് 8.20നുമാണ്. മുനമ്പത്തുനിന്നുമുള്ള 22 സര്‍വീസുകളി ആദ്യത്തേത് 7.40 നും അവസാനത്തേത് രാത്രി 7.40നുമാണ്. പറവൂര്‍ നിന്നുമുള്ള ആകെ 7 സര്‍വീസുകളി ആദ്യത്തേത് രാവിലെ 6നും അവസാനത്തേത് വൈകിട്ട് 5.40നുമാണ്.
നഗരപ്രവേശനം സാധ്യമാക്കണമെന്ന് ആവശ്യുമുന്നയിച്ച് വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളെയും രാഷ്ട്രീയകക്ഷിനേതാക്കളെയും പൗരപ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷം വിപുലമായ യോഗം വിളിച്ചുചേര്‍ത്തിരുന്നു. തുടർന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി ഭീമൻ ഹർജി എസ്.ശര്‍മ്മ എംഎൽഎയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
കൊച്ചി മെഡിക്കൽ കോളേജ് , തൃക്കാക്കര , അമൃത ആശുപത്രി എന്നീ സ്ഥലങ്ങളിൽ സർവ്വീസ് ആരംഭിച്ച ബസ്സുകൾക്ക് വിവിധ പൗരാവലികൾ സ്വീകരണം നൽകി. വരുമാനം കൂടുന്നതിനനുസരിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി.എം താജുദ്ദീൻ പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിൽഡ റിബേരോ, ഇ.പി. ഷിബു , കെ.യു ജീവൻമിത്ര , പി.കെ രാധാകൃഷ്ണൻ , ജില്ലാപഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്കരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനികൾ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം എസ് ശർമ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുന്നു.