കേരളത്തിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാർഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ ദുരന്തങ്ങൾ അടിക്കടി ഉണ്ടാവുന്ന സാഹചര്യത്തിലാണ് സർക്കാർ ജനകീയ ദുരന്ത നിവാരണ സേനക്ക് രൂപം കൊടുക്കുന്നത്. മലയോര മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദിവാസി കുടുംബാംഗങ്ങളിൽ നിന്നുള്ളവർക്കും തീരദേശ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾക്കും പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു. ഇവർക്കായി പ്രത്യേക യൂണിഫോമും പരിശീലന സമയത്ത് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവുമൊരുക്കും.  ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്നവർ സേനയുടെ ഭാഗമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മത്സ്യത്തൊഴിലാളികളിൽ അപകട മരണം സംഭവിച്ചവരുടെ ആശ്രിതർക്കായുള്ള 40 ലക്ഷം രൂപ ധനസഹായവും മന്ത്രി നിർവ്വഹിച്ചു. 10  ലക്ഷം രൂപ വീതം  ആശ്രിതരായ 4 പേർക്കാണ് വിതരണം ചെയ്തത്.  കോഴിക്കോട് ജില്ലയിലെ ചെറിയ പുരയിൽ ദിൽഷ, പടിഞ്ഞാറെ വളപ്പിൽ സുബൈദ  മലപ്പുറം ജില്ലയിലെ ചീരാമന്റെ പുരക്കൽ ഹജ്ജു, കാസർഗോഡ് ജില്ലയിലെ ചന്ദ്രാവതി എന്നിവർക്കാണ് 10 ലക്ഷം രൂപ വീതം ലഭിച്ചത്. എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് തലത്തിലും വിജയം കൈവരിച്ചവരെയുമാണ് ചടങ്ങിൽ അഭിനന്ദിച്ചത്. കോഴിക്കോട്, മലപ്പുറം ,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ ഉൾപ്പെടുന്ന ഉത്തര മേഖലയിൽ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ലഭിച്ചത് 301 വിദ്യാർത്ഥികൾക്കാണ്. കായിക ഇനത്തിൽ 18 കുട്ടികൾക്കും അവാർഡ് നൽകി. വിദ്യാഭ്യാസ അവാർഡിനായി 12.63 ലക്ഷം രൂപയും കായിക ഇനത്തിൽ 1,01000 രൂപയുമുൾപ്പെടെ 13.64 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് 5000 രൂപയും 9 എ പ്ലസ് ലഭിച്ചവർക്ക് 4000  രൂപയും 8 എ പ്ലസ് ലഭിച്ചവർക്ക് 3000 രൂപയും നൽകി. ഓരോ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിദ്യാർത്ഥികൾക്ക് 3000 രൂപ വീതവും നൽകി. ദേശീയ തലത്തിൽ കായിക  ഇനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 10000 രൂപയും 8000 രൂപയും 5000 രൂപയും നൽകി. ദേശീയ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർക്ക് 5000 രൂപയും ഗ്രൂപ്പടി സ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് യഥാക്രമം 8000, 5000 , 3000 രൂപ വീതവും നൽകി. സംസ്ഥാന തലത്തിൽ വ്യക്തിഗത ഇനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് യഥാക്രമം 5000, 3000, 2000 രൂപയും ഗ്രൂപ്പിസ്ഥാനത്തിൽ 3000, 2000, 1000 രൂപ വീതവും നൽകി.
പ്രളയത്തിലും ഓഖി ചുഴലിക്കാറ്റിലും രക്ഷാപ്രവർത്തനം നടത്തിയതിനും കടലിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകനും കൂടിയായ പ്രിയേഷ് മാളിയേക്കൽ , കോരപ്പുഴയിൽ മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപെട്ട സുബ്രഹ്മണ്യൻ  എന്നയാളെ ജീവൻ പണയം വെച്ച് രക്ഷിച്ച നൗഷാദ് എലത്തൂർ, കോവത്ത് നിധീഷ്, ചെറുകാട്ടിൽ മനോജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മത്സ്യ ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രാധാകൃഷ്ണൻ മാസ്റ്റർ, മത്സ്യഫെഡ് ഭരണസമിതി അംഗം സി പി രാമദാസൻ ,മത്സ്യ തൊഴിലാളി യൂണിൻ ജില്ലാ സെക്രട്ടറി വി കെ മോഹൻ ദാസ്, മത്സ്യ ബോർഡ് മെമ്പർമാരായ എ കെ ജബ്ബാർ,  ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയരക്ടർ കെ ബി അനിൽകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ മുജീബ്,  മത്സ്യഫെഡ് ജില്ലാ മാനേജർ വത്സരാജ്, മേഖല എക്സിക്യൂട്ടീവ് രേണുകാദേവി, വിവിധ മത്സ്യ തൊഴിലാളി സംഘടന പ്രതിനിധികളായ വി ഉമേശൻ, പി പീതാംബരൻ, രജനീഷ് ബാബു, മഞ്ചാൻ അലി തുടങ്ങിയവർ പങ്കെടുത്തു. മത്സ്യ ബോർഡ്  കമ്മീഷണർ കെ കെ സതീഷ് കുമാർ റിപ്പാർട്ട് അവതരിപ്പിച്ചു.