കൊച്ചി: പട്ടികവർഗ്ഗക്കാരുടെ സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പട്ടികവർഗ്ഗ പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇതര സമൂഹത്തോടൊപ്പമെത്താൻ നല്ല വിദ്യാഭ്യാസവും അതിനനുസരിച്ച് തൊഴിൽ യാഥാർഥ്യമാക്കിയാൽ മാത്രമേ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാൻ സാധിക്കൂ എന്ന് ഗോത്ര സാംസ്ക്കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഫോർഷോർ റോഡിൽ നിർമ്മിച്ചിരിക്കുന്ന മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെയും ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പെൻഷൻ കുടിശ്ശികയും സപ്ലൈകോ വഴി നൽകുന്ന  ഓണക്കിറ്റും  വീടുകളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും  മന്ത്രി പറഞ്ഞു .
ഗോത്ര വർഗ്ഗ പൈതൃക തനിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്ര സാംസ്ക്കാരിക സമുച്ചയം പട്ടികവർഗ്ഗ വകുപ്പ് നിർമ്മിച്ചിരിക്കുന്നത്.  കൊച്ചി ഫോർഷോർ റോഡിൽ   ഒരു ഏക്കർ 18 സെൻറ് ഭൂമിയിൽ 2229. 22 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ 8.31 കോടി രൂപ മുതൽമുടക്കിലാണ്  ട്രൈബൽ കോംപ്ലക്സ് പ്രോജക്ട് പൂർത്തീകരിച്ചിരിക്കുന്നത്.  കിറ്റ്കോയ്ക്കായിരുന്നു  നിർമ്മാണ ചുമതല.
മൂന്ന് നിലകളിലായി നിർമിച്ചിട്ടുള്ള കോംപ്ലക്സിൽ ആധുനിക  സംവിധാനങ്ങളോടുകൂടിയ ആഡിറ്റോറിയം, ഉൽപ്പന്നങ്ങളുടെ പ്രദർശന വിൽപ്പന സ്റ്റാളുകൾ, ഫുഡ് കോർട്ട് ഡോർമിറ്ററി തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ പട്ടികവർഗ്ഗക്കാർ തയ്യാറാക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തുക, ഗോത്ര സമൂഹങ്ങളുടെ  കലാരൂപങ്ങൾക്ക് വേദിയൊരുക്കുക, വംശീയ ഭക്ഷണത്തിന് പ്രചാരം നൽകുക , ഗോത്രവർഗ്ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രൈബൽ കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലാണ് കോംപ്ലക്സിന്റെ  നിർമ്മാണം നടത്തിയിരിക്കുന്നത്. പട്ടികവർഗ്ഗക്കാർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രദർശന വിപണന സ്റ്റളുകൾ  സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, തടിയിൽ തീർത്ത ശിൽപ്പങ്ങൾ, വനവിഭവങ്ങൾ, തേൻ, മുളയരി, റാഗി, കൃഷി ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണവും ഷോപ്പുകളിൽ ഒരുക്കിയിട്ടുണ്ട്.
ആധുനിക ശബ്ദ സംവിധാനങ്ങളോടുകൂടിയ  ഓഡിറ്റോറിയം ആണ് ട്രൈബൽ  കോംപ്ലക്സിന്റെ മറ്റൊരു ആകർഷണം. കോംബോ സംവിധാനത്തോടെ അക്വാസ്റ്റിക്ക്  ട്രീറ്റ്മെൻറ്, വീഡിയോ പ്രൊജക്ടർ ആൻഡ് കൺട്രോൾ സിസ്റ്റം, എസി  തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
ട്രൈബൽ കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കുന്നതോടെ അന്യം നിന്ന് പോകുന്ന ഗോത്ര കലാരൂപങ്ങളും,  പാരമ്പര്യ  അറിവുകളും പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ഗോത്രകലാ സാംസ്കാരിക സായാഹ്നങ്ങൾക്ക്  സ്ഥിരം വേദി ഒരുങ്ങും .  ചെറിയ രീതിയിലുള്ള റസിഡൻഷ്യൽ ക്യാമ്പുകൾ,  സെമിനാറുകൾ, വർക്ക്ഷോപ്പുകൾ  തുടങ്ങിയവ നടത്തുന്നതിനുള്ള സൗകര്യവും കോംപ്ലക്സിൽ ഉണ്ട് . പുരുഷന്മാർക്കും സ്ത്രീകൾക്കുമായി   20 കിടക്കകൾ വീതമുള്ള  പ്രത്യേക  ഡോർമിറ്ററികളും പ്രദർശന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള  ഹാളും
തയ്യാറാക്കിയിട്ടുണ്ട്.
തൊഴിലിനും ഉന്നതപഠനത്തിനും നഗരത്തിലെത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സുരക്ഷിത കൂടൊരുക്കാൻ നിർമ്മിച്ച  മൾട്ടിപർപ്പസ് ഹോസ്റ്റൽ  പട്ടികവർഗ്ഗക്കാരായ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്കാണ്  പ്രയോജനം ലഭിക്കുക. 100 പേർക്കുള്ള  താമസ സൗകര്യമാണ് ഹോസ്റ്റലിൽ  ഒരുക്കിയിരിക്കുന്നത്.  6 ഡോർമെറ്ററികൾ, ബാത്റൂം, ലൈബ്രറി, സ്റ്റഡി ഹാൾ, റീഡിങ് റൂം, ഗസ്റ്റ് റൂം, സിക്ക് റൂം, വിസിറ്റേഴ്സ് ലോഞ്ച്,  ഓഫീസ് റൂം,  ഡൈനിങ് ഹാൾ , അടുക്കള എന്നീ സൗകര്യങ്ങൾ ഹോസ്റ്റലിലുണ്ട്
 പട്ടികവർഗക്കാർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് പട്ടികവർഗ്ഗ കുടുംബത്തിലെ ഒരാളെങ്കിലും സ്വകാര്യമേഖലയിൽ അടക്കം തൊഴിൽ ഉറപ്പാക്കാൻ തീരുമാനിച്ചത് . ഇതിന്റെ ഭാഗമായാണ് പോലീസിലും എക്സൈസിലും സ്പെഷ്യൽ റിക്രൂട്ട്മെന്റുകൾ നടത്തിയത്. വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് വിവിധ ട്രേഡുകളിൽ പരിശീലനം നൽകി തൊഴിൽ ഉറപ്പ് വരുത്തുന്നത്.
നൈപുണ്യ വികസന ഏജൻസിയായ കേരള അക്കാദമിക് പോസ്റ്റിൽ ചേർന്നുകൊണ്ട് 26 ലധികം നൈപുണ്യ പരിശീലനവും വകുപ്പ് നടപ്പിലാക്കുന്നുണ്ട്.   നൈപുണ്യ വികസന പരിപാടികൾ തെരഞ്ഞെടുക്കപ്പെട്ട പരിശീലന ഏജൻസികളുമായുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. വിവിധ കോഴ്സുകളിൽ പരിശീലനം പൂർത്തിയാക്കിയ യുവതീയുവാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടത്തി. പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കിയ ആർക്ക് ആൻഡ് ഗ്യാസ് വെൽഡിങ് പരിശീലനം പൂർത്തിയാക്കി വിദേശത്ത് പ്ലെയ്സ്മെൻറ്  ലഭിച്ച ആദ്യ ബാച്ചിലെ  7 വിദ്യാർഥികൾക്ക് വിസയും മറ്റു അനുബന്ധ രേഖകളും ചടങ്ങിൽ കൈമാറി. പന്തപ്ര ഊര് മൂപ്പൻ കുട്ടൻ ഗോപാലൻ ഗോത്രവർഗ്ഗത്തിന്റെ തനതായ പൂച്ചെണ്ട് നൽകി മന്ത്രിയെ ആദരിച്ചു.
കൊച്ചി മേയർ സൗമിനി ജെയിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ  എംപി മുഖ്യാതിഥിയായിരുന്നു. പിടി തോമസ് എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കൊച്ചി കോർപ്പറേഷൻ ടാക്സ് അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പി കൃഷ്ണകുമാർ , പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ പി. പുഗഴേന്തി , ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ ജി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.