കാസർഗോഡ്: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കൊറഗ കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊറഗ വിഭാഗത്തിന്റെ പരമ്പരാഗത- തനത് ഉല്‍പന്നങ്ങള്‍ ഐ.ഡി.ബി.ഐ വാങ്ങും. ഇതു സംബന്ധിച്ച ഓഫര്‍ കത്ത് ഐ.ഡി.ബി.ഐ റീജ്യണല്‍ ഹെഡ്ഡ് ടോമി സെബാസ്റ്റ്യന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന് കൈമാറി.
ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളിലാണ് കൊറഗ വിഭാഗക്കാരുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഉപജീവനോപാധികളുടെ ദൗര്‍ലഭ്യം, വിദ്യാഭ്യാസത്തിന്റെ കുറവ് എന്നിവ കാരണം  ബുദ്ധിമുട്ടുന്ന ഇവരുടെ ഉന്നമനത്തിന് ജില്ലാ ഭരണകൂടത്തിന്റെ  പിന്തുണയോടെ കുടുംബശ്രീ മുന്‍കയ്യെടുക്കുന്നുണ്ട്.
കൊറഗ വിഭാഗം പരമ്പരാഗത ഉല്‍പന്നങ്ങളായ കുട്ട, വട്ടി, അരിപ്പ, മറ്റ് ഗിഫ്റ്റ്  ഇനങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. തനതായ പാരമ്പര്യ ഉല്‍പന്നങ്ങള്‍ക്ക്  പ്രോല്‍സാഹനം നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കുടുംബശ്രീ സഹായിക്കുന്നുണ്ട്.
സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന സമീപനത്തിലൂടെ ഒരു ജനതയ്ക്ക് കൈത്താങ്ങാകാന്‍ സന്മനസ്സ് കാണിച്ച ഐ ഡി ബി ഐ യെ അനുമോദിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍,   അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍  പ്രകാശന്‍ പാലായി, ഡി പി എം നിധിന്‍ രാജ്, രാജു, രാഹുല്‍, അനൂപ് ജോസഫ്,     രാജേഷ് നമ്പ്യാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.