കാസർഗോഡ്: മണ്ണിന്റെ ഗന്ധം പ്രാണവായു ആക്കി കൃഷിയെ സ്നേഹിച്ച കര്‍ഷകന്‍  കെ ജെ സാബുവിന്  സര്‍ക്കാറിന്റെ ആദരമായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഓണക്കോടി സമ്മാനിച്ചു.  സാബു പാട്ടത്തിന് കൃഷി നടത്തുന്ന കോടോംബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട് ഗവ.യു.പി സ്‌കൂളിന് സമീപമുള്ള അഞ്ചേക്കര്‍ കൃഷിയിടത്തില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി, കൃഷി ഓഫീസര്‍ കെ എസ് അഞ്ജു എന്നിവരോടൊപ്പമെത്തിയാണ് ഓണക്കോടി സമ്മാനിച്ചത്.
ജില്ലയില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന യുവകര്‍ഷകര്‍ക്കുള്ള അംഗീകാരമായാണ് സാബുവിന് ഓണസമ്മാനം നല്‍കുന്നതെന്ന് കളക്ടര്‍ പറഞ്ഞു
മടിക്കൈ   കാരക്കോട് സ്വദേശിയാണ് സാബു.  സാബുവിനെ പോലുള്ള കര്‍ഷകര്‍ക്ക്  എല്ലാ പിന്തുണയും കളക്ടര്‍ ഉറപ്പ് നല്‍കി. 10 വര്‍ഷമായി മണ്ണില്‍ പണിയെടുക്കുന്നു. രാവിലെ 5.30 ന് കൃഷിസ്ഥലത്തേക്കിറങിയാല്‍ രാത്രി  10 മണി വരെ കൃഷി സ്ഥലത്തായിരിക്കുമെന്ന് സാബു പറഞ്ഞു. അതിവര്‍ഷത്തിന് പോലും കൃഷിയോടുള്ള സ്നേഹം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.   കളക്ടറുടെ ഓണസമ്മാനം സാബുവിനെ ഏറെ സന്തോഷിപ്പിച്ചു.
സംസ്ഥാന അവാര്‍ഡ്  ലഭിച്ച കര്‍ഷകനാണ് 44 വയസുള്ള സാബു. പാട്ടത്തിനെടുത്ത അഞ്ചര ഏക്കര്‍ സ്ഥലത്തും സ്വന്തമായുള്ള രണ്ടര ഏക്കര്‍ സ്ഥലത്തുമാണ്  കൃഷി ഇറക്കിയത്. വെള്ളരി, ചേന, മഞ്ഞള്‍, കക്കിരി, വഴുതന, പച്ചമുളക്, ചുരക്ക, തണ്ണിമത്തന്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്  തുടങ്ങിയ 22 ഇനം പച്ചക്കറികളാണ് സാബു കൃഷി ചെയ്തത്. ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് കക്കിരിയാണ്. ഒന്നര ഏക്കര്‍ സ്ഥലത്ത് 18 കിന്റല്‍ കക്കിരിയാണ് വിളയിച്ചത്. ഒരു കിന്റലിന് 300 രൂപയാണ് വില. മത്തനും കുമ്പളവും 10 കിന്റല്‍ വിളവെടുക്കാറുണ്ട്.
ജൈവ പച്ചക്കറി കൃഷിയായതിനാല്‍  സാബുവിന്റെ ഉത്പന്നങ്ങള്‍ക്ക് നല്ല ഡിമാന്റാണ്. അജാനൂര്‍ മടിക്കൈ, കോടം ബേളൂര്‍ എന്നീ പഞ്ചായത്തുകളിലെയും, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും  ഇക്കോ ഷോപ്പിലും, മറ്റ് പച്ചക്കറി കടകളിലും ഇയാളുടെ ഉത്പന്നങ്ങള്‍ വില്‍ക്കും. വീട്ടിലും പച്ചക്കറിക്കായി അത്യാവശ്യക്കാര്‍ തേടിയെത്തും. കൃഷി വകുപ്പിന്റെ പിന്തുണയ്ക്ക് സാബു നന്ദി പറഞ്ഞു.
ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാതെ ചൂഷണം ചെയ്യപ്പെടാറില്ല എന്നത് സാബുവിന്റെ വലിയ നേട്ടം തന്നെയാണ്. മടിക്കൈ കാരക്കോട്  കെഡി ജോസഫിന്റെയും റോസമ്മയുടെയും മകനാണ് സാബു. മണ്ണിനെ ജീവനായി സ്നേഹിച്ച സാബുവിനെ മണ്ണും കൈവിട്ടില്ല. നാല് സഹോദരിമാരെ കെട്ടിച്ചയച്ചതും സ്വന്തമായി രണ്ടര ഏക്കര്‍ സ്ഥലം വാങ്ങിയതും കൃഷിയിലൂടെ ലഭിച്ച വരുമാനത്തിലൂടെയാണന്ന് സാബു അഭിമാനത്തോടെ പറയും. ഭാര്യ അമ്പിളി ഭര്‍ത്താവിനെ കൃഷിയില്‍ സഹായിക്കാറുണ്ട്. മകള്‍   എയ്ഞ്ചല്‍ റോസിന് നാലു വയസ്സുണ്ട്. കുത്തനെയുള്ള മണ്‍ റോഡിലൂടെ  ജീപ്പില്‍ കിലോമീറ്റര്‍ താണ്ടിയാണ് ജില്ലാ കളക്ടര്‍. സാബുവിന്റെ കൃഷിയിടത്തില്‍  എത്തിയത്