അഞ്ച് ലക്ഷം ക്വിന്റൽ കയർ ഉത്പാദിപ്പിക്കുക ലക്ഷ്യം: മന്ത്രി

അടുത്ത വർഷത്തോടെ അഞ്ച് ലക്ഷം ക്വിന്റൽ കയർ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കയർഫെഡിന്റെ ഓണം മെഗാ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിനഞ്ച് കോടി തൊണ്ട് മാത്രമാണ് ചകിരിയാകുന്നത്. മലബാർ മേഖലയിൽ മില്ലുകൾ സ്ഥാപിച്ച് കൂടുതൽ ചകിരി ഉത്പാദിപ്പിക്കും.

കയർ വ്യവസായത്തെ നല്ല ശമ്പളം കിട്ടുന്ന ഫാക്ടറി വ്യവസായമാക്കി മാറ്റേണ്ടതുണ്ട്. മുമ്പ് തമിഴ്‌നാട്ടിൽ നിന്നായിരുന്നു ആവശ്യത്തിനുള്ള ചകിരി വാങ്ങിയിരുന്നത്. ഇന്ന് 60 ശതമാനം ചകിരിയും കേരളത്തിൽ നിന്നാണ് കയർഫെഡ് സംഭരിക്കുന്നത്. ജിയോ ടെക്‌സ്‌റ്റൈൽ ഉത്പാദനത്തിന് കയർ ഉപയോഗിക്കാം. മണ്ണിനെ പിടിച്ചു നിർത്താനുള്ള കഴിവ് ഇതിനുണ്ട്.

റോഡ് നിർമാണത്തിനും കയർ മാറ്റ് ഉപയോഗിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞിട്ടുണ്ട്. 50 കടകളാണ് പുതിയതായി ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എ. ബി. സി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു.

കയർ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ ഇൻസ്റ്റാൾമെന്റ് സ്‌കീം ഉദ്ഘാടനം ചെയ്തു. കയർ വികസന ഡയറക്ടർ എൻ. പത്മകുമാർ മെഗാ ഡിസ്‌കൗണ്ട് വിൽപന ഉദ്ഘാടനം ചെയ്തു. കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ. സായികുമാർ, കൗൺസിലർ ഐഷ ബക്കർ, ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.