ഈവർഷത്തെ ഓണാഘോഷ സമാപന പരിപാടികളുടെ ഭാഗമായി ആശയഗാംഭീര്യവും വർണ്ണ കാഴ്ചകളും സമ്മാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര പ്രൗഢ ഗംഭീരമായി. വെള്ളയമ്പലത്ത് നിന്നും ആരംഭിച്ച് കിഴക്കേക്കോട്ടയിൽ അവസാനിച്ച ഘോഷയാത്ര കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യമേളമായ കൊമ്പ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  മുഖ്യകലാകാരനു കൈമാറി വാദ്യഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ആയിരത്തിലധികം കലാകാരന്മാർ,  വിവിധങ്ങളായ ആശയങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്ന ഫ്‌ളോട്ടുകൾ, കലാരൂപങ്ങൾ എന്നിവ സാംസ്‌കാരിക ഘോഷയാത്രക്ക് ഗാംഭിര്യം പകർന്നു.


ഫ്‌ളാഗ്് ഓഫ് ചടങ്ങിൽ  എംഎൽഎ മാരായ സി.ദിവാകരൻ ,ഡി.കെ മുരളി ,മേയർ വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ തുടങ്ങിയവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ, തുടങ്ങി നിരവധി പ്രമുഖർ  ഘോഷയാത്രയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു.

മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജനം വെള്ളയമ്പലത്തേക്ക് ഒഴുകിയെത്തി. റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയാണ് അതിജീവനത്തിന്റെ കൈയൊപ്പ് ചാർത്തിയ ഘോഷയാത്ര നീങ്ങിയത്.