കൊല്ലം: അഴീക്കല്‍ കടപ്പുറത്തെത്തുന്ന സഞ്ചാരികള്‍ക്ക് ‘ടേക്ക് എ ബ്രേക്ക്’ തണ്ണീര്‍പന്തലുമായി ജില്ലാപഞ്ചായത്ത്. വഴിയോര യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പ്രവര്‍ത്തിച്ചു തുടങ്ങിയ വിശ്രമ കേന്ദ്രത്തിന്റെ പ്രത്യേകത. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത നൂതന പദ്ധതിയാണിത്.

കോഫി ഷോപ്പ്, എ.ടി.എം കൗണ്ടര്‍,  കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കുള്ള ഫീഡിങ് പോയിന്റ്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പേ ആന്‍ഡ് യൂസ് ടോയ്ലറ്റ് എന്നിവയാണ് സൗകര്യങ്ങള്‍.

പവിത്രേശ്വരം, ചവറ  ഗ്രാമപഞ്ചായത്തുകളില്‍  സമാന സംരംഭങ്ങള്‍ വിജയിച്ച പശ്ചാത്തലത്തിലാണ് അഴീക്കല്‍ ബീച്ചിനോട് ചേര്‍ന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ  ഉടമസ്ഥതയിലുള്ള സ്ഥലത്തും ടേക്ക് എ ബ്രേക്ക് നിര്‍മിച്ചത്.  സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിനായിയിരുന്നു നിര്‍മ്മാണ ചുമതല.  വിശ്രമകേന്ദ്രം  നിശ്ചിതകാല കരാര്‍ വ്യവസ്ഥയിലാണ് പ്രവര്‍ത്തിപ്പിക്കുക.

ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സംരംഭം സഹായകമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. 20 ലക്ഷം രൂപയാണ് പദ്ധതി ചിലവ്. ചിതറ,  നെടുമ്പന,  ചടയമംഗലം എന്നിവിടങ്ങളിലും തണ്ണീര്‍പ്പന്തലുകള്‍ നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.