ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ); ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്; കൂളിംഗ് ഫിലിം; പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍; ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍; പ്ലേറ്റുകള്‍; സ്പൂണുകള്‍; ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍; പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍; പ്ലേറ്റുകള്‍; ബൗള്‍; നോണ്‍ വൂവണ്‍ ബാഗുകള്‍; പ്ലാസ്റ്റിക് ഫ്ളാഗുകള്‍; പ്ലാസ്റ്റിക് ബണ്ടിംഗ്; പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്; പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍; കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍  (300 മില്ലിക്ക് താഴെ); പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്; പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്; പ്ലാസ്റ്റിക് പാക്കറ്റ്സ് എന്നിവയാണ് നിരോധിച്ചത്.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശനമായി നടപടികള്‍ സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ മൊത്തവിതരണക്കാര്‍ ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കുന്നതും സ്ഥാപനത്തന്‍റെ പ്രവര്‍ത്താനുമതി റദ്ദാക്കുന്നതുമാണ്. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കിയിട്ടുണ്ട്.
എക്സറ്റന്‍റഡ് പ്രൊഡ്യൂസേര്‍സ് റെസ്പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഖരമാലിന്യ മാനേജ്മെന്‍റ് ചട്ട പ്രകാരം വ്യവസായ പാര്‍ക്കുകളിലെ 5 ശതമാനം ഭൂമി മാലിന്യ സംസ്കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണം. ഇത് കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചു.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും.
കയറ്റുമതിക്കായി നിര്‍മിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിച്ച വസ്തുക്കള്‍ (ഐ.എസ് അല്ലെങ്കില്‍ ഐ.എസ്.ഒ 17088: 2008 ലേബല്‍ പതിച്ചത്). എന്നിവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം സംസ്ഥാനത്ത് നരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നിരോധനം മൂലം പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഏകദേശം 70 ശതമാനം കുറവുണ്ടായി എന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കും
സംസ്ഥാനത്ത് നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഈ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  വൈദ്യശാസ്ത്ര സംബന്ധമായ സാങ്കേതിക വിദ്യയുടെയും ആധുനിക ഉപകരണങ്ങളുടെയും കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് കെ.എം.ടി.സി. രൂപീകരണത്തിന്‍റെ ലക്ഷ്യം.
കെ.എം.ടി.സിയുടെ ഉപദേശകനും സ്പെഷ്യല്‍ ഓഫീസറുമായി കുസാറ്റ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു.
കേരള ഡവലപ്മെന്‍റ് ആന്‍റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) മുന്നോട്ടുവെച്ച പരിപാടിയാണ് മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം.
അന്താരാഷ്ട്ര വിപണിയില്‍ മത്സരക്ഷമതയുള്ള മുന്‍നിര മെഡിക്കല്‍ സാങ്കേതിക വിദ്യകളും ആരോഗ്യപരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്നതിനുമുള്ള സൗകര്യം സംരംഭകര്‍ക്കും കമ്പനികള്‍ക്കും കണ്‍സോര്‍ഷ്യം ഒരുക്കികൊടുക്കും. വ്യാപാര സാധ്യത കുറഞ്ഞതും എന്നാല്‍ സാമൂഹിക പ്രസക്തിയുള്ളതുമായ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം പിന്തുണ നല്‍കും. മെഡിക്കല്‍ സാങ്കേതിക രംഗത്തെ വ്യവസായ പ്രമുഖരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന വിദഗ്ധ തൊഴില്‍സേനയെ വളര്‍ത്തിയെടുക്കുക എന്നതും കണ്‍സോര്‍ഷ്യത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, കുസാറ്റ്, കേരള ആരോഗ്യ സര്‍വകലാശാല മുതലായ സ്ഥാപനങ്ങളുടെ സഹകരണവും പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയും ഉപയോഗിച്ച് കേരളത്തില്‍ ലോകനിലവാരത്തിലുള്ള മെഡിക്കല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സൗകര്യം കെ.എം.ടി.സി ഒരുക്കുന്നതാണ്. ഇന്നവേഷന്‍ പാര്‍ക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജി, സെന്‍റേഴ്സ് ഫോര്‍ ഇന്‍റര്‍ ഡിസ്പ്ലിനറി റിസര്‍ച്ച് ആന്‍റ് ഇന്നവേഷന്‍, മെഡിക്കല്‍ ടെക്നോളജി മാര്‍ക്കറ്റ് പ്ലെയ്സ് എന്നിവ സ്ഥാപിക്കാനും കെ.എം.ടി.സി ഉദ്ദേശിക്കുന്നു.
വാളയാര്‍: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
വാളയാര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ 13 വയസ്സും 9 വയസ്സുമുള്ള പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. റിട്ട ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ പി.കെ. ഹനീഫയെ അന്വേഷണ കമ്മീഷനായി നിയമിക്കും.
അന്വേഷണത്തിലോ പ്രോസിക്യൂഷനിലോ ഇവ രണ്ടിലുമോ ഏതെങ്കിലും  വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ക്കെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നത്  കമ്മീഷന്‍റെ പരിഗണനാ വിഷയമാണ്. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള ശുപാര്‍ശകളും കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടും.
നിയമനങ്ങള്‍ / മാറ്റങ്ങൾ
കേരള വാട്ടര്‍ അതോറിറ്റി എം.ഡി. എം. കൗശിഗനെ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അധിക ചുതമല കൂടി ഇദ്ദേഹം വഹിക്കും.
ജലവിഭവ സെക്രട്ടറി ഡോ. ബി. അശോകിന് കേരള വാട്ടര്‍
അതോറിറ്റി എം.ഡി.യുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടര്‍ രാജമാണിക്യത്തിന് കെ.എസ്.ഐ.ഡി.സി  എം.ഡി.യുടെ അധിക ചുമതല നല്‍കും.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരായ പി.എസ്. രാജനെ കേരള ബാങ്ക് സി.ഇ.ഒ ആയി നിയമിക്കാന്‍ തീരുമാനിച്ചു.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രഡീഷണല്‍ നോളജ് ഇന്നവേഷന്‍ കേരളയില്‍ 8 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ തീരുമാനിച്ചു.
ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍  സി.എം. നാസറിന്‍റെ നിയമന കാലാവധി 14-11-2019 മുതല്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് ധനകാര്യ വകുപ്പ് 2016-ല്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആനുകൂല്യം കെ.ടി.ഡി.സിയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ബാധകമാക്കാന്‍ തീരുമാനിച്ചു.
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡിന്‍റെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഒരു അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
തലായില്‍ ഫിംഗര്‍ ജെട്ടിക്ക് ഭരണാനുമതി
തലശ്ശേരി തലായ് മത്സ്യബന്ധന തുറമുഖത്തിന്‍റെ സമീപത്തുള്ള ചാലില്‍ ഗോപാലപ്പേട്ട ഭാഗത്ത് ഫിംഗര്‍ ജെട്ടി നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.  ഗോപാലപ്പേട്ട പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ സുരക്ഷിതമായി അടുപ്പിക്കുന്നതിനാണ് ജെട്ടി നിര്‍മിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറിന്‍റെ ഭാഗമാണ് ഈ ഘടകം. ഫിംഗര്‍ ജെട്ടിക്ക് 5.23 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
താഴെ പറയുന്നവരെ വിവിധ ജില്ലകളില്‍ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചു
കാസര്‍കോട് – കെ. ദിനേശ്കുമാര്‍ (കാഞ്ഞങ്ങാട്)
വയനാട് – ജോസഫ് മാത്യൂ (കാലാവധി നീട്ടി നല്‍കി)
പാലക്കാട് – പി. അനില്‍ (കല്‍പ്പാത്തി)
തിരുവനന്തപുരം – എ. അബ്ദുള്‍ ഹക്കീം (വെമ്പായം)
അബ്കാരി ക്ഷേമനിധി പരിധിയില്‍ ലേബലിങ് തൊഴിലാളികളും
അബ്കാരി തൊഴിലാളി ക്ഷേമനിധി നിയമത്തില്‍  അബ്കാരി തൊഴിലാളികളുടെ നിര്‍വചനത്തില്‍ ലേബലിങ് തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിബില്ലിന് അംഗീകാരം നല്‍കി.  ബില്‍ നിയമമാകുന്നതോടെ  ലേബലിങ് തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും.
അംശദായത്തിനു പുറമെ തൊഴിലുടമകള അടയ്ക്കേണ്ട ഗ്രാറ്റുവിറ്റി വിഹിതം തൊഴിലാളികളുടെ വേതനത്തിന്‍റെ അഞ്ചു ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.