കൊച്ചി: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുരോഗതിയുടെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎംആര്‍എല്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന് കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ് എറണാകുളം ബിടിഎച്ചില്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഈ സാമ്പത്തിക വര്‍ഷത്തിലെ  അര്‍ദ്ധവാര്‍ഷിക കണക്കുപ്രകാരം, കേരളത്തിലെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ഒന്നിച്ചു പരിഗണിക്കുമ്പോള്‍ ഇവ ലാഭത്തിലാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു 34 കോടി രൂപയുടെ ലാഭമാണ് ഉള്ളത്.  പൊതുമേഖല സ്ഥാപനങ്ങള്‍ മുന്നോട്ട് നീങ്ങുന്നിന്റെ സൂചനയാണിത്.
ഏതെങ്കിലുമൊരു രംഗത്തെ വികസനം കൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം സാധ്യമാവുകയില്ല. സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യവസായ അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്. വ്യാവസായിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ട്.  സ്റ്റാര്‍ട്ട് അപുകള്‍ പ്രോത്സാഹിപ്പിക്കാനായി 150 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്.  സംസ്ഥാനത്ത് വ്യവസായസംരംഭങ്ങളുടെ നടത്തിപ്പ് എളുപ്പത്തിലാക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. നിശ്ചിതസമയത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ അപേക്ഷ സ്വീകരിച്ചതായി കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി മേഖല വികസിപ്പിക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ്.പശ്ചാത്തല സൗകര്യ വികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ വയ്ക്കുന്നുണ്ട് ഇതിനെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പശ്ചാത്തല സൗകര്യ വികസനത്തിനായുള്ള സ്ഥലമെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് പിന്തുണയുണ്ട്. നൈപുണ്യവികസന രംഗത്തും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞ നേതൃഗുണമുള്ള വ്യക്തിയാണ് ഏലിയാസ് ജോര്‍ജ് എന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇനിയും മുന്നോട്ട് കൊണ്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷനായിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എ ആശംസകളര്‍പ്പിച്ചു. കെഎംഎ ഭാരവാഹികളായ മാത്യു ഉറുമ്പത്ത്, മാധവ് ചന്ദ്രന്‍, മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു