വി. പി. ധനഞ്ജയൻ ശാന്താ ധനഞ്ജയൻ ദമ്പതികൾക്ക് പുരസ്‌കാരം
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്‌സവത്തിന് 20ന് തിരിതെളിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിശാഗന്ധിയിൽ വൈകിട്ട് 6.15ന് ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 26 വരെയാണ് നൃത്തോത്‌സവം.
ഇക്കൊല്ലത്തെ നിശാഗന്ധി പുരസ്‌കാരം പ്രശസ്ത ഭരതനാട്യം നർത്തകരായ വി. പി. ധനഞ്ജയനും ശാന്താ ധനഞ്ജയനും സമ്മാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭാരതത്തിന്റെ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ വളർച്ചയ്ക്കും പ്രചാരണത്തിനും വിലപ്പെട്ട സംഭാവനകൾ നൽകുന്ന കലാകാരൻമാർക്കാണ് നിശാഗന്ധി പുരസ്‌കാരം നൽകുന്നത്. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ, കലാനിരൂപകരും ഗ്രന്ഥകാരൻമാരുമായ ആശിഷ് മോഹൻ ഖോക്കർ, വീജേയ് സായി, പ്രമുഖ നർത്തകിയും ഗ്രന്ഥകാരിയുമായ ആനന്ദാ ശങ്കർ ജയന്ത്, മുൻ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു, ടൂറിസം ഡയറക്ടർ പി. ബാലകിരൺ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.
ഉദ്ഘാടന ചടങ്ങിനു ശേഷം മുരളി മോഹൻ, നന്ദിനി മേഹ്ത എന്നിവരുടെ നേതൃത്വത്തിൽ നാദം എൻസെംബിൾ അവതരിപ്പിക്കുന്ന കഥക് അരങ്ങേറും. രണ്ടാം ദിവസം വിദ്യ പ്രദീപിന്റെ മോഹിനിയാട്ടവും ദീപിക റെഢിയുടെ കുച്ചിപ്പുടിയും നടക്കും. പാർശ്വനാഥ് ഉപാധ്യേ അവതരിപ്പിക്കുന്ന ഭരതനാട്യം കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവയാണ് മൂന്നാം ദിവസത്തെ പരിപാടികൾ. പത്മവിഭൂഷൺ അലർമേൽവള്ളിയുടെ ഭരതനാട്യക്കച്ചേരിയാണ് നാലാം ദിനത്തിലെ പ്രധാന ആകർഷണം. ഗിരീഷ്ചന്ദ്ര, ദേവി ഗിരീഷ് എന്നിവർ അവതരിപ്പിക്കുന്ന കുച്ചിപ്പുടി, ദക്ഷമശ്രുവാലയുടെ നേതൃത്വത്തിൽ കൈഷികി ഡാൻസ് അക്കാഡമിയുടെ ഒഡീസി എന്നിവയും നടക്കും.
ജനുവരി 24ന് പസുമർത്തി മൃത്യുഞ്ജയ കുച്ചിപ്പുടിയും ഋതുപ്രകാശിന്റെ ഭരതനാട്യവും ശാമഭാട്ടെ നയിക്കുന്ന നാദരൂപ് കഥക്കും അര്‌ങ്ങേറും. 25ന് അപർണ വിനോദിന്റെ ഭരതനാട്യം, അനുശ്രീയുടെ മോഹിനിയാട്ടം, ബിചിത്രാനന്ദ സൈ്വൻ നയിക്കുന്ന രുദ്രാക്ഷ ഫൗണ്ടേഷന്റെ ഒഡീസി എന്നിവ നടക്കും. 26ന് പദ്മശ്രീ ചിത്രാ വിശ്വേശരനും സംഘവും ഭരതനാട്യം അവതരിപ്പിക്കും.
നിശാഗന്ധി നൃത്തോത്‌സവത്തിന്റെ ഭാഗമായി ഏഴു ദിവസത്തെ കഥകളി മേളയും കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തിൽ നടക്കും. രുഗ്മാംഗചരിതം, നളചരിതം ഒന്നാം ദിവസം, ബാലിവധം, ബാണയുദ്ധം, നളചരിതം മൂന്നാം ദിവസം, ദുര്യോധനവധം, കീചകവധം എന്നീ കഥകളാണ് അവതരിപ്പിക്കുന്നത്.
ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.