ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളായ വിൡനഴുന്നള്ളത്തുകളും കളമെഴുത്തുപാട്ടും ജനുവരി 18ന് രാത്രി സമാപിക്കും. മകരസംക്രമ ദിവസം മുതല്‍ അഞ്ചുദിവസമാണ് മാളികപ്പുറം മണിമണ്ഡപത്തില്‍ കളമെഴുത്തും പാട്ടും അവിടെനിന്ന് വിളക്കിനെഴുന്നള്ളത്തുകളും നടക്കുന്നത്. കഴിഞ്ഞ നാലുദിവസം പതിനെട്ടാം പടിവരെയായിരുന്നു എഴുന്നള്ളത്ത്. 18ന് അത് ശരംകുത്തിയിലേയ്ക്കാണ്.
എല്ലാദിവസവും സന്ധ്യാ ദീപാരാധനയ്ക്ക് ശേഷമാണ് മണിമണ്ഡപത്തില്‍ കളം വരയ്ക്കാന്‍ തുടങ്ങുക. അത്താഴപൂജയ്ക്ക് മുമ്പ് പൂര്‍ത്തിയാകും. ശ്രീ അയ്യപ്പന്റെ വിവിധ ഭാവങ്ങളിലുള്ള രൂപങ്ങളാണ് കളത്തില്‍ വരയ്ക്കുന്നത്. ചി•ുദ്ര പ്രതിഷ്ഠ, പുലിവാഹനനായ അയ്യപ്പന്‍, തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്‍ എന്നിങ്ങനെ. ചുണ്ണാമ്പും കളിമണ്ണും ചേര്‍ത്തുണ്ടാക്കുന്ന ചെമന്നപൊടി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, വാകപ്പൊടി, ഉമിക്കരി എന്നിവ കൊണ്ടാണ് വരയ്ക്കുന്നത്. കളമെഴുതുന്നതും പാട്ടുപാടുന്നതും ആചാരപ്രകാരം റാന്നി, കുന്നയ്ക്കാട്ട് കുറുപ്പ•ാരാണ്. ജെ അജിത്കുമാര്‍, ജെ ജയകുമാര്‍, ജെ രതീഷ്‌കുമാര്‍ എന്നിവരാണ് ഇപ്പോള്‍ ഇത് നിര്‍വഹിച്ചു പോരുന്നത്.
അത്താഴപൂജയ്ക്ക് ശേഷമാണ് വിളക്കിനെഴുള്ളത്ത്. പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന അയ്യപ്പന്റെ തിടമ്പ്, കൊടി, നെറ്റിപ്പട്ടം എന്നിവയാണ് എഴുന്നള്ളത്തില്‍ ഉപയോഗിക്കുന്നത്. വാദ്യമേളങ്ങളുടേയും ദീപങ്ങളുടേയും അകമ്പടിയോടെ എഴുന്നള്ളത്ത് പതിനെട്ടാംപടിയിലെത്തി നില്‍ക്കുമ്പോള്‍ നായാട്ടുവിളി നടത്തും. ശ്രീ അയ്യപ്പചരിതം പ്രത്യേക ഈണത്തില്‍ ചൊല്ലുന്നതാണ് നായാട്ടുവിളി. ആചാരപ്രകാരം ഇതിനുള്ള അവകാശം രാമചന്ദ്ര സ്വാമിക്കും കുടുംബത്തിനുമാണ്. എഴുന്നള്ളത്ത് തിരിച്ചെത്തുമ്പോള്‍ മാളികപ്പുറം മേല്‍ശാന്തി, അരവണ നിവേദ്യവും ഉണ്ണിയപ്പവും കളത്തില്‍ നിവേദിക്കും. തുടര്‍ന്ന് കേശാദിപാദം പാടി കളം മായ്ക്കും.
മകരവിളക്കിന്റെ രണ്ടാംദിവസം അമ്പലപ്പുഴ സംഘം, ആലങ്ങാട് യോഗം എന്നിവ നടത്തുന്നതും മേല്‍പ്പറഞ്ഞവയും ഉള്‍പ്പടെ, ആകെ ഏഴ് എഴുന്നള്ളത്തുകളാണ് മാളികപ്പുറത്തുനിന്നും നടത്തുന്നത്.