ശബരിമല: ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവ കാലത്തെ നെയ്യഭിഷേകം, വ്യാഴാഴ്ച രാവിലെ 11 മണിയോടെ പന്തളം കൊട്ടാരത്തില്‍നിന്നുള്ള മുദ്രയിലെ, നെയ്യഭിഷേകത്തോടെ സമാപിച്ചു. ഇതിന് ശേഷം, പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മയുടെ സാന്നിധ്യത്തില്‍ അയ്യപ്പന് ദേവസ്വം വക കളഭാഭിഷേകം നടത്തി. തുടര്‍ന്ന് മാളികപ്പുറത്തെത്തിയ രാജപ്രതിനിധി, മണിമണ്ഡപത്തിലെ നിവേദ്യങ്ങള്‍ പൂജിച്ച മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയ്ക്ക് ദക്ഷിണ നല്‍കി. അതിനുശേഷം കളഭസദ്യ നടന്നു. തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനവും സമാപിച്ചു. ഭക്തജന പ്രവാഹം തുടരുകയാണ്.
19ന് രാത്രി 10 മണി വരെ, ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കയറി ദര്‍ശനം നടത്താം. നെയ്യഭിഷേകം ഇല്ലാത്തതിനാല്‍, നെയ്‌ത്തോണിയില്‍ നെയ്യ് സമര്‍പ്പിക്കാം. 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്ത് ഗുരുതിപൂജ നടക്കും. 20ന് രാവിലെ ആറിന് നട തുറന്ന് ഗണപതി ഹോമത്തിന് ശേഷം 6.30ന് പന്തളം രാജപ്രതിനിധി തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മ്മ ദര്‍ശനം നടത്തും. മേല്‍ശാന്തി നടയടച്ച് രാജപ്രതിനിധിക്ക് താക്കോല്‍ കൈമാറും. രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്റെ താക്കോലും മാനേജരെ ഏല്‍പ്പിക്കും. പതിനെട്ടാംപടിയ്ക്ക് താഴെവെച്ചാണ് ഈ ചടങ്ങ് നടക്കുക. തിരുവാഭരണങ്ങള്‍ അതിനു മുമ്പായി തിരിച്ച് കാല്‍നടയായി പന്തളം കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കും.