സര്‍ക്കാരിന്റെ നാല്  മിഷനുകളിലൊന്നായ ലൈഫ്മിഷന്‍ പദ്ധതി സംസ്ഥാനത്തെ പാവപ്പെട്ടവരുടെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതായി എക്‌സൈസ് _ തൊഴില്‍ വകുപ്പ്  മന്ത്രി ടി .പി രാമകൃഷ്ണന്‍ പറഞ്ഞു. വേളം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച 107 വീടുകളുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതി പ്രകാരം  സംസ്ഥാനത്ത് 53000 കുടുംബങ്ങള്‍ക്ക് വീട് നല്‍കി കഴിഞ്ഞു.
ഇനി പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിക്കുന്ന 56 ഭവന സമുച്ചയങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.  ലൈഫ് പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍  പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. അര്‍ഹതപ്പെട്ട എല്ലാ വര്‍ക്കും വീട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. വേളം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌ക്കരണ രംഗത്തും മാതൃകയാണ്. വേളത്ത് ഒരു മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങണം. പ്ലാന്റ് നിര്‍മാണത്തില്‍ യാതൊരു ആശങ്കയും ജനങ്ങള്‍ക്ക് ഉണ്ടാവേണ്ടതില്ലെന്നും ശാസ്ത്രീയ സംസ്‌ക്കരണ രീതിയാണ് പ്ലാന്റുകളില്‍ അവലംബിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വേളം പത്താം വാര്‍ഡിലെ മാമ്പ്രമലയില്‍ നാരായണിക്ക് ആദ്യ താക്കോല്‍ ചടങ്ങില്‍ മന്ത്രി നല്‍കി. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ആറര കോടി രൂപ വിനിയോഗിച്ചണ്  107 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മാലിന്യ മുക്ത വേളം പ്രഖ്യാപനം കെ മുരളീധരന്‍ എം പി  നിര്‍വഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുള്ള സ്വാഗതം പറഞ്ഞു .കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ള അധ്യക്ഷനായി. പഞ്ചായത്ത് അസി.സെക്രട്ടറി എം ഭാസ്‌ക്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എം ഷിജിന, വികസന കാര്യ ചെയര്‍മാന്‍ ബഷീര്‍ മാണിക്കോത്ത്, ആരോഗ്യം വിദ്യാഭ്യാസ ചെയര്‍മാന്‍ കെ കെ അന്ത്രു മാസ്റ്റര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു