ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിരന്തരം പൊട്ടികൊണ്ടിരിക്കുന്ന ഭാഗത്തെ പൈപ്പ് മാറ്റി പുതിയ പൈപ്പിടുന്ന ജോലികൾ ഡിസംബർ 15ന് തന്നെ ആരംഭിക്കും. കുടിവെള്ള പദ്ധതിയുടെ റോ വാട്ടർ പമ്പിങ് മെയിനിലെ തകരാറുമായി ബന്ധപ്പെട്ട് ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും സംയുക്തമായി നവംബർ 11ന് ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ തകഴി കേളമംഗലം ഭാഗത്ത് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ.ബി അശോകിന്റെയും ജില്ല കളക്ടർ എം അഞ്ജനയുടെയും സാന്നിധ്യത്തിൽ വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്ന പൈപ്പിന്റെ ഫാക്ടറി ടെസ്റ്റ് സിപെറ്റ് (കൊച്ചി) വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അടിയന്തരമായി നടത്തണമെന്ന് നിർദേശിച്ചു. ആവശ്യമായ തുടർ നടപടി സ്വീകരിച്ച് ഡിസംബർ 15 ാം തീയതി തന്നെ പൈപ്പിടൽ ജോലികൾ തുടങ്ങാനും കൂടുതൽ ജോലിക്കാരെ ഉപയോഗിച്ച് ഫെബ്രുവരി 20 നകം തന്നെ പണികൾ പൂർത്തീകരിക്കാനും നിർദ്ദേശിച്ചു.

പണികൾ നടക്കുന്ന സമയത്ത് പമ്പിങ് നിർത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിൽ നഗരസഭയിലും എട്ട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണത്തിന് ബദൽ സംവിധാനം ഒരുക്കും. ഇതിനായി 42 കുഴൽകിണർ സ്‌കീമുകളും മൂന്ന് ഷിഫ്റ്റുംപ്രവർത്തിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്‌കീമുകളിൽ നിന്നും കുടിവെള്ളം എത്താത്ത മേഖലകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കാനും തീരുമാനിച്ചു. യോഗത്തിൽ കേരള വാട്ടർ അതോറിറ്റി മധ്യമേഖലാ ചീഫ് എൻജിനീയർ, ആലപ്പുഴ പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ, യു ഡി സ്മാറ്റ്് പ്രൊജക്റ്റ് മാനേജർ, വാട്ടർ അതോറിട്ടി മുതിർന്ന എൻജിനിർമാർ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ പങ്കെടുത്തു.