തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുത്തന്‍കട ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറിന്റെയും സ്തനരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് എം.എല്‍.എ പറഞ്ഞു.

അലോപ്പതിയോടൊപ്പം ആയുര്‍വേദത്തിനും പരിഗണന നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യമേഖലയിലെ നയമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ നീതി മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനാരംഭത്തോടുകൂടി സാധാരണക്കാരായ രോഗികള്‍ക്ക് 10-40% വരെ വിലക്കുറവില്‍ വിവിധ മരുന്നുകള്‍ ലഭിക്കും. ചടങ്ങില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.റോബര്‍ട്ട്രാജ് വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍ നീതി മെഡിക്കല്‍ സ്റ്റോറിലെ ആദ്യവില്പന നടത്തി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പി.സിന്ധു റാണിയുടെയും മറ്റ് നാല് സ്ത്രീ-രോഗ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും നേതൃത്വത്തിലായിരുന്നു സ്തന രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടന്നത്.