ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ മന്ത്രി ജെ മെഴ്സികുട്ടിയമ്മ കൊളുത്തിയ ദീപശിഖ പുതുചരിത്രം. സ്ത്രീകളുടെയും കുട്ടികളുടെയും രാത്രികാല യാത്രാ  സുരക്ഷയ്ക്ക് കൊല്ലം പോലീസ് നടപ്പിലാക്കുന്ന സ്ത്രീ സന്ദേശ യാത്രയുടെ തുടക്കമായിരുന്നു അത്. രാജ്യാന്തര കായിക താരം പ്രിയ ദീപശിഖ ഏറ്റുവാങ്ങി.

കൊല്ലം ബീച്ചിലാണ് നൂറു കണക്കിന് സ്ത്രീകള്‍ അണിനിരന്ന യാത്ര അവസാനിച്ചത്. നഗര വീഥിയിലൂടെ സ്ത്രീ സുരക്ഷയുടെ മുദ്രാവാക്യങ്ങള്‍ മുഴക്കി നിശ്ചയദാര്‍ഢ്യത്തിന്റെ അടയാളമായി മാറി ഓരോ വനിതയും. ബീച് ഗെയിംസ്‌ന്റെ കൂടി ഭാഗമായി സുരക്ഷിത പദ്ധതി പ്രകാരമുള്ള രാത്രികാല കരുതല്‍ ജനുവരി 31 വരെ ഉണ്ടാകും.  സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് യാത്രയെ അഭിസംബോധന ചെയ്ത മന്ത്രി ജെ മെഴ്സികുട്ടിയമ്മ പറഞ്ഞു.

മേയര്‍ ഹണി ബെഞ്ചമിന്‍, എം നൗഷാദ് എം എല്‍ എ, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി കെ മധു, അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രതീപ് കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എസ് ഗീതാകുമാരി, ചിന്ത എല്‍ സജിത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണെസ്റ്റ്, വൈസ് പ്രസിഡന്റ് കെ രാമഭദ്രന്‍, എസ് എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അനിത ശങ്കര്‍, ജാജി സുനില്‍ തുടങ്ങിയവര്‍ നയിച്ച യാത്രയില്‍ ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള സ്ത്രീകള്‍ പങ്കെടുത്തു.