അത്യപൂര്‍വ്വ ജ്യോതിശാസ്ത്ര പ്രതിഭാസമായ വലയ സൂര്യഗ്രഹണം കൊല്ലം ബീച്ചില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആളുകള്‍ ഗ്രഹണം ദര്‍ശിക്കാനെത്തി. ബീച്ച് ഗെയിംസിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

പയ്യന്നൂരില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക വിഭാഗവും ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച കേന്ദ്രത്തില്‍ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളും കൊല്ലം ബീച്ചില്‍ പ്രദര്‍ശിപ്പിച്ചു. സൗര കണ്ണാടികള്‍ ഉപയോഗിച്ചും ഗ്രഹണം വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്തു. അന്ധ വിശ്വാസങ്ങളെ മറികടന്ന് വമ്പിച്ച ശാസ്ത്ര മുന്നേറ്റത്തിനുള്ള അവസരമായി ഗ്രഹണ നിരീക്ഷണം മാറണമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി പ്രതിനിധി മാനവ് ജ്യോതി അധ്യക്ഷനായി. സൊസൈറ്റി ജില്ലാ പ്രസിഡന്റ് എന്‍. ടെന്നിസണ്‍ സൂര്യഗ്രഹണത്തിന്റെ ശാസ്ത്ര തത്വങ്ങള്‍ വിശദീകരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, പി സോമനാഥന്‍, ബിനു ബേബി, ആര്‍ അപര്‍ണ എന്നിവര്‍ സംസാരിച്ചു.