സ്വപ്നം മാത്രമായിരുന്ന വീട് സ്വന്തമായതിന്‍റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും. പ്രതിസന്ധികളുടെ നടുക്കയത്തില്‍  ലൈഫ് ലഭിച്ചവര്‍ അനുഭവങ്ങള്‍ പരസ്പരം പങ്കുവച്ചു. ശേഷിക്കുന്ന പ്രശ്നങ്ങളുമായെത്തിയവര്‍ക്ക് അദാലത്ത് ആശ്വാസമായി.
സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫില്‍  രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനു മുന്നോടിയായി സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക്തല സംഗമമായിരുന്നു വേദി.
ലൈഫിന്‍റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ വീടു ലഭിച്ച കടുത്തുരുത്തി ബ്ലോക്കിലെ ഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 477 പേരാണ് കടുത്തുരുത്തി  ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തത്.
ഗുണഭോക്താക്കളുടെ ഒത്തുചേരലിനു പുറമെ അവര്‍ക്ക് തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇരുപത് വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തും സംഘടിപ്പിച്ചിരുന്നു.
ലൈഫ് മിഷന്‍ മാതൃകാപരമായ കര്‍മ്മ പരിപാടിയാണെന്ന്  സംഗമം ഉദ്ഘാടനം ചെയ്ത അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണം സജീവമായി നടന്നു വരികയാണ്.  അടുത്ത ഘട്ടത്തില്‍ തലയോലപ്പറമ്പില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിനായി  ആവശ്യമെങ്കില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കും-അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മാ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍ സുഭാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.വി സുനില്‍, വി.ജി മോഹനന്‍, ലൈല ജമാല്‍, സുജാത സുമോന്‍, സൗമ്യ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം സുധര്‍മ്മന്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ, ലീഡ് ബാങ്ക് മാനേജര്‍ ചന്ദ്രശേഖരന്‍ നായര്‍, ബി.ഡി.ഒ പി.ആര്‍. ഷിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
അദാലത്തില്‍ 242 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍  178 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. ഫിഷറീസ്, കൃഷി, വ്യവസായം, ക്ഷീരവികസനം, ആരോഗ്യം, പൊതുവിതരണം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയ വകുപ്പുകളുടെയും ദാരിദ്ര്യ ലഘൂകരണ വിഭാഗം, കുടുംബശ്രീ, അക്ഷയ തുടങ്ങിയവയുടെയും സേവന സഹായ കേന്ദ്രങ്ങള്‍ അദാലത്തില്‍ പ്രവര്‍ത്തിച്ചു.
വീട്ടുനമ്പര്‍, ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് തുടങ്ങിയവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു.  റേഷന്‍ കാര്‍ഡ് മൂന്ന് ദിവസത്തിനകവും ആധാര്‍ കാര്‍ഡ് നാലു ദിവസത്തിനകവും അപേക്ഷകര്‍ക്കു ലഭിക്കും.
കേരള ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ അക്കൗണ്ട് തുറക്കുന്നതിനും വായ്പ നല്‍കുന്നതിനും സൗകര്യമൊരുക്കി. സംഗമത്തോടനുബന്ധിച്ച് ആരോഗ്യ പരിശോധനയ്ക്കും ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.