ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍ ടൂറിസവും ഇറിഗേഷന്‍ മ്യൂസിയവും പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ വിവിധ പദ്ധതികള്‍ നടപ്പിലാകുന്നതോടെ ഈ പ്രദേശം ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന പ്രധാന ടൂറിസം കേന്ദ്രമായി മാറും. പദ്ധതികളുടെ ഭാഗമായി പഠന പ്രവര്‍ത്തനങ്ങള്‍ക്കും സെമിനാറുകള്‍ക്കും സൗകര്യം ഒരുക്കും. ജില്ലയിലെ നിലവിലെ ടൂറിസം കേന്ദ്രങ്ങളോടൊപ്പം ഇടുക്കിയെയും ഒരു പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ലോക വിസ്മയങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇടുക്കി ആര്‍ച്ച് ഡാമും മൂലമറ്റം അണ്ടര്‍ഗ്രൗണ്ട് പവര്‍ഹൗസും ഈ മേഖലയിലെ പ്രധാന ആകര്‍ഷണങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
ഏകദേശം 760 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂലമറ്റം പവര്‍ഹൗസ് കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളിലൊന്നാണ്. സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പവര്‍ഹൗസില്‍ പ്രവേശനം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി അതിന്റെ മിനിയേച്ചര്‍ മാതൃക നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിനായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മൂലമറ്റത്ത് ഒന്നര ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്. ആ ഭൂമിയില്‍ പവര്‍ഹൗസിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ വിശദമായി മനസിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ആധുനിക പ്രദര്‍ശനകേന്ദ്രമാണു നിര്‍മ്മിക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ഡാമും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ തുറന്നു കൊടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതോടെ ഇടുക്കിയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സിജി ചാക്കോ, രാജു ജോസഫ്, തുടങ്ങിയ വിവിധ രാഷ്ട്രീയസാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
