ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണം വടക്കന്‍ കേരളത്തില്‍ പൂര്‍ണ്ണം.രാവിലെ 8.04 ന് ആരംഭിച്ച വലയ സൂര്യ ഗ്രഹണം,9.24 ന് പൂര്‍ണ്ണ വലയമായി മാറാന്‍ തുടങ്ങുകയും 9.25 ന് അതിന്റെ പാരമത്യയില്‍ എത്തുകയും ചെയ്തു.സ്വര്‍ണ്ണ വര്‍ണ്ണത്തില്‍  ആണ് സൂര്യ വലയം  കിഴക്കേ ചെരുവില്‍ തെക്ക്-കിഴക്ക് ഭാഗത്ത്  പ്രത്യക്ഷപ്പെട്ടത്. സൂര്യ വലയം 9.27  ന് ക്ഷയിക്കാന്‍ തുടങ്ങുകയും 11.04 ഓടു കൂടി ഗ്രഹണം അവസാനിക്കുകയും ചെയ്തു.
എന്നാല്‍ ഓരോ പ്രദേശത്തിന്റെയും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഗ്രഹണം ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും സെക്കന്റുകളുടെ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍  കേരളത്തില്‍ മൂന്ന് മിനുട്ട് 12 സെക്കന്റ്  സമയമാണ് പൂര്‍ണ്ണ വലയ സൂര്യഗ്രഹണം  നിരീക്ഷിക്കാന്‍ സാധിച്ചത്.
നീലേശ്വരം തൈക്കടപ്പുറം ബീച്ച്,ചെറുവത്തൂര്‍, മാത്തില്‍ ,എരമം,മാതമംഗലം ,പന്നിയൂര്‍,മാമാനിക്കുന്ന്,ഇരിക്കൂര്‍,പേരാവൂര്‍,കൊളക്കാട് ,ഏലപീടിക,പെരിയ,വാലത്ത്, വയനാട്,മീനങ്ങാടി,അമ്പലവയല്‍ എന്നിവിടങ്ങിലൂടെയാണ് വലയ സൂര്യഗ്രഹണം കടന്നുപോയത്.
ചെറുവത്തൂരില്‍ വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ആയിരങ്ങള്‍ എത്തി
 
പ്രപഞ്ച വിസ്മയമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ആയിരങ്ങള്‍ കുട്ടമത്ത്  ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് എത്തി.ജില്ലാ ഭരണകൂടത്തിന്റെയും ചെറുവത്തൂര്‍  ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ സൗകര്യങ്ങളാണ്  സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയിരുന്നത്.
രാവിലെ  8.04 ന് ആരംഭിച്ച ഗ്രഹണം,സ്‌കൂള്‍ പ്രദേശത്ത് 9 മണി 24 മിനുട്ട്  18 സെക്കന്റോടെ സൂര്യന്‍ പൂര്‍ണ്ണ വലയ രൂപം പ്രാപിക്കാന്‍ തുടങ്ങുകയും 9 മണി 25 മിനുട്ട് 54 സെക്കന്റോടെ അതിന്റെ പാരമത്യയില്‍ എത്തുകയും ചെയ്തു.9 മണി 27  മിനുട്ട്  30 സെക്കന്റോടെ  ഗ്രഹണം ക്ഷയിച്ച് തുടങ്ങുകയും ഈ പ്രദേശത്ത് 11 മണി 04 മിനുട്ട് 48 സെക്കന്റോടെ  കൂടി ഗ്രഹണം അവസാനിക്കുകയും ചെയ്തു.
ഗ്രഹണം ആരംഭിച്ച സമയത്ത് ഈ പ്രദേശത്തെ താപനില 27.2 ഡിഗ്രി സെല്‍ഷ്യല്‍സ് ആയിരുന്നുവെങ്കില്‍,9.24 ന് ഇത് 27.1 ഡിഗ്രി സെല്‍ഷ്യല്‍ ആയി കുറഞ്ഞു.പ്രദേശത്തെ ആപേക്ഷിക ആര്‍ദ്രത ആദ്യം 82 ശതമാനം ആയിരുന്നെങ്കില്‍ പിന്നീട് അത് 80 ശതമാനം ആയി ചുരുങ്ങി.ഗ്രഹണം ആരംഭിച്ച  സമയത്തെ  പ്രകാശ തീവ്രത 753 ലെക്‌സ് ആയിരുന്നെങ്കില്‍ അത് 9.25 ഓടു കൂടി 081 ആയി കുറഞ്ഞു.
ഗ്രഹണം നിരീക്ഷിക്കുന്നതിന് എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യെയും എം രാജഗോപാല്‍ എം എല്‍ എയെയും ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് എ ജി സി ബഷീറിനെയും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെയും സബകളക്ടര്‍ അരുണ്‍ കെ വിജയനെയും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറയെയും സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃ്ത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു .ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്ത് സോളാര്‍ ഫില്‍ട്ടര്‍ കണ്ണടകള്‍ ഉപയോഗിച്ചും മൈതാനത്ത് ഒരുക്കിയ സ്‌ക്രീന്‍ വഴിയും ആണ് നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയത്.
ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജഞരും ഗവേഷകരും അടക്കം നിരവധി പേരാണ് അതിര്‍ത്തി കടന്ന് ഇ പ്രപഞ്ച സത്യത്തിന് സാക്ഷിയാവാന്‍  കുട്ടമത്ത്  സ്‌കൂള്‍ മൈതാനത്ത് എത്തിയത്. ഇവരെകൂടാതെ നാസയിലെ പ്രതിനിധികളും കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ടായിരുന്നു. സെപ്‌സ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കുട്ടമത്ത് സ്‌കൂള്‍ മൈതാനത്ത് പരിപാടി ഒരുക്കിയത്.