കോഴിക്കോട്: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ നൽ കുകയും ചെയ്യണം.
ലിഫ്റ്റ് നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണം. ആളുകൾ കൂടുന്ന ചടങ്ങുകൾ ഉണ്ടാകുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. വ്യക്തികൾ തമ്മിൽ നിശ്ചിത അകലം ഉണ്ടാക്കാൻ ശ്രദ്ധിക്കണം.
വിദേശത്തു നിന്നു വരുന്നവരുടെ വിശദാംശങ്ങൾ ഹോട്ടൽ മാനേജ്മെന്റ് ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതാണ്. നിരീക്ഷണത്തിലുള്ളവരെ യാതൊരു കാരണവശാലും മുറിയിൽ നിന്ന് പുറത്ത് പോകാൻ അനുവദിക്കരുത്. നിരീക്ഷണത്തിൽ കഴിയാൻ  തയ്യാറാവാതിരിക്കുകയോ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുകയോ ചെയ്താൽ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണം.
വിദേശത്തു നിന്നും വരുന്ന ഒരു വ്യക്തിയുടെ യാത്രാ ചരിത്രം എടുക്കുകയും ഉച്ചയ്ക്ക് 12 ന് മുൻപായി ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്യണമെന്ന് കലക്ടർ അറിയിച്ചു.