കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 929 പേര്‍ ഉൾപ്പെടെ ആകെ 4158 പേര്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ ആറ് പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരും ഉള്‍പ്പെടെ ആകെ 14 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. മാർച്ച്‌ 17 പത്ത് സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 110 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 96 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. പരിശോധയ്ക്ക് അയച്ച 14 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

ജില്ലയിലെ തെക്കു ഭാഗത്തുള്ള എട്ട് ആരോഗ്യ ബ്ലോക്കുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും അവലോകന യോഗം ചേരുകയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കൂടാതെ ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും കൊറോണ സംബന്ധമായ ഏറ്റവും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ജില്ലയില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ നിയമിച്ച നഴ്‌സിംഗ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി യുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. അഡീഷണല്‍ ഡി.എം.ഒ.മാരായ ഡോ. എന്‍. രാജേന്ദ്രന്‍, ഡോ. ആശാദേവി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.ടി. മോഹനന്‍ എന്നിവര്‍ ക്ലാസെടുത്തു. കൊറോണ എയര്‍പോര്‍ട്ട് സര്‍വ്വൈലന്‍സ് ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാനതലത്തിൽ നടത്തിയ സൂം വീഡിയോ കോണ്‍ഫറന്‍സില്‍ ഡി.എം.ഒ.യും അഡീഷണല്‍ ഡി.എം.ഒ മാരും പങ്കെടുത്തു. ജില്ലാ തലത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടീസുകളും വിവിധ കീഴ് സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.