28,889 വീടുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബഹുജന സമ്പര്‍ക്കം ഒഴിവാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലയില്‍ അയ്യായിരം വോളന്റിയര്‍മാരും ആയിരത്തോളം ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും  ജനപ്രതിനിധികളും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 28,889 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

3,500 ടീമുകള്‍ ഫീല്‍ഡിലും റെയില്‍വേയില്‍ 20 ടീമുകളും റോഡ് ചെക്ക് പോസ്റ്റുകളില്‍ 15 ടീമുകളും അശ്രാന്ത പരിശ്രമത്തിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. നഗരസഭ/ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സര്‍വെയ്‌ലന്‍സ് ടീമിന് ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

മറ്റുള്ളവരെ രക്ഷിക്കുന്നതിന് സ്വയംവരിച്ച ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് ആത്മവിശ്വാസവും സഹായവും ഭക്ഷണവും മരുന്നുകളും എത്തിക്കുന്നതിന് ടീം വോളന്റിയേഴ്‌സ് പ്രധാന്യം നല്‍കുന്നു.  ആശുപത്രി ഐസൊലേഷനിലേക്ക് എത്തുന്നവര്‍ക്കും എല്ലാ സേവനങ്ങളും നല്‍കും. സാമൂഹികമായ ഒറ്റപ്പെടുത്തല്‍ ഒഴിവാക്കാനായി അയല്‍ക്കാര്‍ക്കും ബോധവത്കരണം നടത്തി. നിരീക്ഷണത്തിലുള്ളവര്‍ക്ക് തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍
ഇനി വീടുവീടാന്തരം മരുന്നുകളും നല്‍കും

കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍  ഇനി വീടുകളിലേക്ക്.  വിദ്യാര്‍ഥികളും യുവജനങ്ങളും അടങ്ങിയ ടീം ഇനി ജില്ലയില്‍ വീടുവീടാന്തരം ആരോഗ്യരക്ഷയും ശുചിത്വ ശീലങ്ങളും പറഞ്ഞു മനസിലാക്കും. ചോദ്യാവലിയില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ പഠനത്തിനായും ഉപയോഗിക്കും. മുതിര്‍ന്ന പൗര•ാര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളും ജീവിതശൈലി മരുന്നുകളും വീടുകളില്‍ എത്തിക്കും. വോളന്റിയര്‍മാര്‍ക്ക് പരിശീലനം, സുരക്ഷാ ഉപാധികള്‍ എന്നിവ നല്‍കും.

സ്വയം നിയന്ത്രണവുമായി വിശ്വാസികള്‍
കോവിഡ് 19 പ്രതിസന്ധി ഒഴിവാക്കാന്‍ സാമൂഹികമായി അകലം പാലിക്കുന്നത് ഏറ്റവും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിരവധി ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തി. സ്വന്തം ജീവന്‍ സുരക്ഷിതമാക്കുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കുന്നതിനും ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ആരാധനാലയങ്ങളില്‍ കൂട്ട പ്രാര്‍ഥനകള്‍ ഒഴിവാക്കുന്നതിനും അല്ലെങ്കില്‍ 50 പേരില്‍ കൂടാതെ നോക്കുന്നതിനും ശ്രദ്ധിക്കണം. ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന ആരാധന നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.


കൊറോണ സ്ഥിതിവിവര കണക്കുകള്‍  
ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 659 പേരും ആശുപത്രിയില്‍ ഏഴു പേരും ഉണ്ട്. 349 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 81 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 268 പേരുടെ റിസല്‍ട്ട് വന്നതില്‍ എല്ലാം നെഗറ്റീവ് ആണ്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന്  മനുഷ്യ വിഭവശേഷി പൂര്‍ണമായും ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി സ്വകാര്യ ആശുപത്രികളിലും                 സ്‌കൂളുകളിലും സൗകര്യങ്ങള്‍  ഒരുക്കുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ആക്ഷന്‍ പ്ലാന്‍ സി പ്രകാരം 28 സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.