സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി റേഷനിംഗ് ഓഫീസുകളിൽ പുതിയ റേഷൻകാർഡിനുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കും. ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ പ്രക്രിയയിൽ ഫോട്ടോ എടുത്ത് റേഷൻകാർഡ് പുതുക്കുവാൻ കഴിയാത്തവർ, റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ആർ.സി.എം.എസ് മരവിപ്പിച്ചതിനാൽ പുതിയ റേഷൻകാർഡിന് പകരം താൽക്കാലിക കാർഡ് ലഭിച്ചവർ, ഇതുവരെ റേഷൻകാർഡ് സ്വന്തമായി ലഭിക്കാത്തവർ എന്നിവർക്ക് ആദ്യ ഘട്ടത്തിൽ അപേക്ഷ നൽകാം.
അപേക്ഷ ഫാറം സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകാം. അപേക്ഷ ഫാറത്തിന്റെ പകർപ്പ് എല്ലാ പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിൽ റേഷൻ കടയിലും ലഭ്യമാണ്.
പുതിയ റേഷൻകാർഡ് ലഭിച്ചവർക്ക് തിരുത്തലുകൾ വരുത്തുന്നതിനും റിഡക്ഷൻ സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകളും ഒരു താലൂക്കിൽ തന്നെ രണ്ടു റേഷൻകാർഡുകളിൽ നിന്നും കുറവ് ചെയ്ത് പുതിയ റേഷൻകാർഡ് ഉണ്ടാക്കുന്നതിനുള്ള അപേക്ഷകളും രണ്ടാംഘട്ടമായി സ്വീകരിക്കും. ഇതിനുള്ള തീയതി പിന്നീട് അറിയിക്കും. www.civilsupplieskerala.gov.in ൽ അപേക്ഷ ലഭിക്കും.