* ക്ലാസിക് സിനിമകളുടെ സംപ്രേഷണത്തിന്റെയും, എട്ടു പുതിയ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു
പൊതുവിദ്യാഭ്യാസത്തിന്റെ ആശയതലത്തില്‍ നിന്നുകൊണ്ട് കുട്ടികളുടെ മനസിന്റെ പൊതുവിടങ്ങള്‍ വികസിപ്പിക്കാന്‍ വിക്‌ടേഴ്‌സ് ചാനലിന് കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ 100 ലോകോത്തര ക്ലാസിക് സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതിന്റെയും, എട്ടു പുതിയ പരിപാടികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ മൗലികമാറ്റങ്ങളുടെ യഥാര്‍ഥ അര്‍ഥത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമാണ് ക്ലാസിക് സിനിമകളുടെ പ്രദര്‍ശനവും പുതിയ വിജ്ഞാന, വിനോദ പരിപാടികളും. സാംസ്‌കാരിക, ശാസ്ത്ര മേഖലകളില്‍ സമൂലമായ ആശയോദ്പാദനത്തിന് സഹായിക്കുന്ന ശ്രമങ്ങളാണിവ. ഓരോ ക്ലാസിക് സിനിമയും അറിവ് നേടുന്നതിനപ്പുറം ചിന്തിക്കാനും അവസരമൊരുക്കും.
ഭാഷ, സാഹിത്യം, കേരള ചരിത്രം, സംസ്‌കാരം തുടങ്ങി എല്ലാ മേഖലയിലും അറിവ് പകര്‍ന്ന് ജനകീയ വിദ്യാഭ്യാസത്തിന്റെ ആശയങ്ങള്‍ വളര്‍ത്താന്‍ വിക്‌ടേഴ്‌സിനാകും. ശാസ്ത്രീയ വിദ്യാഭ്യാസം എന്തെന്ന് മനസിലാക്കാന്‍ പൊതു വിദ്യാലയങ്ങളിലേക്ക് എത്തണം എന്ന അവസ്ഥ സൃഷ്ടിക്കാനാകണം എന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പഴയ സൗഹൃദാന്തരീക്ഷം തിരിച്ചുപിടിക്കാന്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം തിരിച്ചുപിടിക്കണമെന്ന് ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടു. ചെറിയ കുട്ടികളിലും ദൃശ്യമാധ്യമത്തിന്റെ സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നല്ല ദൃശ്യമാധ്യമം എങ്ങനെയായിരിക്കണമെന്നും, നല്ല ദൃശ്യസംസ്‌കാരം എങ്ങനെ ഒരുക്കണമെന്നുമുള്ള ശ്രമകരമായ ദൗത്യമാണ് വിക്‌ടേഴ്‌സ് ചാനല്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, കൈറ്റ് വിക്‌ടേഴ്‌സ് ഹെഡ് മുരുകന്‍ കാട്ടാക്കട, വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച 100 ലോകോത്തര ക്ലാസിക് സിനിമകളാണ് കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്നത്. ഈ ആഴ്ച മുതല്‍ എല്ലാ ശനിയാഴ്ചകളിലും രാത്രി 9.15 നും ഞായറാഴ്ചകളില്‍ രാവിലെ 9.15നും കൈറ്റ് വിക്ടേഴ്‌സില്‍ മലയാളം സബ്‌ടൈറ്റിലുകളോടെ സിനിമകള്‍ കാണാം.
കേതന്‍ മേത്ത സംവിധാനം ചെയ്ത ‘മിര്‍ച്ച് മസാല’, കുന്ദന്‍ഷായുടെ ‘ജാനേഭി ദോ യാരോ’, മീരാ നായരുടെ ‘സലാം ബോംബെ’, ശ്യാം ബനഗലിന്റെ ‘മേക്കിങ്ങ് ഓഫ് മഹാത്മ’,
കുമാര്‍ സാഹ്നിയുടെ ‘ചാര്‍ അധ്യായ്’, പമീല റൂക്‌സിന്റെ ‘ട്രെയിന്‍ ടു പാകിസ്ഥാന്‍’, ജി.വി. അയ്യരുടെ ‘ആദിശങ്കരാചാര്യ’, മണികൗളിന്റെ ‘നസര്‍’, മായ അമോല്‍ പലേക്കറിന്റെ ‘ബന്‍ഗര്‍വാടി’, കെ.എന്‍.ടി ശാസ്ത്രിയുടെ ‘തിലദാനം’, ഗോവിന്ദ് നിലഹാനിയുടെ ‘സംശോധന്‍’, അരിബാംശ്യാം ശര്‍മ്മയുടെ ‘സനാബി’ എന്നിങ്ങനെ 100 ചിത്രങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. ഓരോ സിനിമയക്ക് മുമ്പും ആ സിനിമയുടെ പ്രത്യേകത ലളിതമായി മനസിലാക്കാന്‍ കഴിയുന്നവിധത്തില്‍ ലഘുഅവതരണവും ഉണ്ടായിരിക്കും.
100 ക്ലാസിക് ഫിലിമുകളില്‍ തിരഞ്ഞെടുത്ത ഫിലിമുകള്‍ അവധിക്കാലത്ത് വി.എഫ്.എഫ്.കെ (വിക്ടേഴ്‌സ് ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരള) എന്ന പേരില്‍ എല്ലാ സ്‌കൂളുകളിലും ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കാനും കൈറ്റ് സൗകര്യമൊരുക്കും.
പൊതുവിജ്ഞാനം അവതരിപ്പിക്കുന്ന ‘വിജ്ഞാനധാര’, ഇംഗ്ലീഷില്‍ ലളിത ആശയ വിനിമയം സാധ്യമാക്കുന്ന ‘വിക്കി & വിന്നി’, സ്‌കൂള്‍ കലോത്സവ മെഗാഷോ ‘വിക്ടേഴ്‌സ് പൂരം’, ശാസ്ത്രവും പരീക്ഷണവും, എങ്ങിനെ എങ്ങിനെ എങ്ങിനെ, ദൃശ്യം, ഭൗതിക കൗതുകം, ബാലകവിതകള്‍ എന്നിവയാണ് ചാനലില്‍ പുതുതായി ആരംഭിച്ച പരിപാടികള്‍.