‘ശാസ്ത്രയാന്‍ 2018’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
ഗവേഷണം പ്രോത്‌സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൈരളി അവാര്‍ഡുകള്‍ ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസമെന്നാല്‍ പഠനത്തില്‍ ആര്‍ജിച്ച അറിവുകള്‍ ആശയോത്പാദനമായും ഗവേഷണമായും വളരുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും റൂസ കേരള പ്രോജക്ട് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ‘ശാസ്ത്രയാന്‍ 2018’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമന്‍സ് കോളേജില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തിനപ്പുറം ആശയങ്ങള്‍ ഉത്പാദിപ്പിക്കാനും അതു സമൂഹത്തിന്റെ കൂടി ആശയങ്ങളാക്കി മുന്നോട്ടുപോകുകയും ചെയ്താലേ സമൂഹം വളരുകയുള്ളൂ. അറിവിനെ ചിന്തയുടെ തലത്തിലേക്ക് എത്തിക്കാനായതിനാലാണ് ന്യൂട്ടണ് ശാസ്ത്രപരമായും, നാരായണഗുരുവിന് സാമൂഹ്യപരമായും സമൂഹത്തിന് സംഭാവന നല്‍കാനായത്.
അത്തരത്തില്‍ ആശയവും അതിലൂടെ ഗവേഷണവും വളര്‍ന്നാലേ ഉന്നതവിദ്യാഭ്യാസം അതിന്റെ യഥാര്‍ഥ തലത്തിലെത്തൂ. പരീക്ഷാ പഠനത്തിനപ്പുറം ചിന്തകളിലേക്കും പരീക്ഷണങ്ങളിലേക്കും ഉയര്‍ത്തുകയാണ് ശാസ്ത്രയാനിന്റെ ലക്ഷ്യം.
ശാസ്ത്രം വളരുമ്പോഴും കാര്‍ഷികമേഖലയിലടക്കം ഇതിന്റെ ഗുണഫലങ്ങള്‍ വരാത്തത് ആശയങ്ങളെ ഉത്പാദനമേഖലയുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാലാണ്. ശാസ്ത്രയാനിനെ വ്യവസായ മേഖലയുമായും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വരും വര്‍ഷങ്ങളിലുണ്ടാകും.
ഗവേഷണ പ്രോത്‌സാഹനത്തിന് ഏര്‍പ്പെടുത്തുന്ന കൈരളി അവാര്‍ഡുകള്‍ കേരളത്തിന്റെ നോബേല്‍ സമ്മാനങ്ങള്‍ പോലെയാണ് ഉദ്ദേശിക്കുന്നത്. മികച്ച ഗവേഷണങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക്, ഗവേഷണത്തെ പ്രോത്‌സാഹിപ്പിക്കുന്ന ഗൈഡ്തല ഗവേഷകര്‍ക്ക്, ലോകത്താകെയുള്ള മലയാളികളില്‍ ഗവേഷണ മേഖലയില്‍ സംഭാവന നടത്തിയവര്‍ക്ക് എന്നിങ്ങനെയാണ് നല്‍കുക.
ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, ഉന്നത വിദ്യാഭ്യാസവകുപ്പ് ജോയന്റ് സെക്രട്ടറി എം.ജി. രഞ്ജിത്ത്കുമാര്‍, ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം.എസ്. ജയ സ്വാഗതവും റൂസ നോഡല്‍ ഓഫീസര്‍ ഡോ. യു.സി. ബിവീഷ് നന്ദിയും പറഞ്ഞു.
സര്‍വകലാശാലകളിലേയും കോളേജുകളിലേയും നേട്ടങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, നടപ്പാക്കിയ ഗവേഷണ പദ്ധതികള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയവ നേരിട്ടറിയാനും മനസിലാക്കാനുമായി സ്ഥാപനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ നേരിട്ടവതരിപ്പിക്കുന്ന പദ്ധതിയാണ് ശാസ്ത്രയാന്‍. തിരഞ്ഞെടുക്കപ്പെട്ട ഏഴു സര്‍വകലാശാലകളും 35 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും പദ്ധതിയില്‍ പങ്കാളികളാണ്. ജനപക്ഷ ശാസ്ത്രഗവേഷണം പ്രോത്‌സാഹിപ്പിക്കാനും ശാസ്ത്രാവബോധം ജനങ്ങളില്‍ ഊട്ടിയുറപ്പിക്കാനും പദ്ധതി സഹായിക്കും.