* ജില്ലകള്‍ സമഗ്ര ജില്ലാപദ്ധതി കരട് അവതരിപ്പിച്ചു
ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സംയോജിത പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതികള്‍ തയാറാക്കിയ ജില്ലാപദ്ധതി വിലയിരുത്തല്‍ ശില്‍പശാലയുടെ രണ്ടാംദിനത്തിലെ സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവര്‍ഷത്തെ പദ്ധതിയില്‍ ഓരോ ജില്ലയിലും മൂന്നോ നാലോ സംയോജിത പദ്ധതികളെങ്കിലും കൊണ്ടുവരാന്‍ ആസൂത്രണ സമിതികള്‍ മുന്‍കൈയെടുക്കണം. ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സഹായത്തിനപ്പുറമുള്ള വിഭവ സമാഹരണ സാധ്യതകള്‍ വലുതാണ്. പാലിയേറ്റീവ് രംഗത്ത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ സഹായം ഇതിനുദാഹരണമാണ്.
ജില്ലകള്‍ ഇപ്പോള്‍ അവതരിപ്പിച്ച ജില്ലാ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ സമഗ്രപദ്ധതികളാക്കി വളര്‍ത്താനാകും. പോരായ്മകള്‍ പ്രശ്‌നമല്ല, എന്നാല്‍ ജില്ലാപദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. ജില്ലാ പദ്ധതിയുടെ ഭാഗമായ ഉപദേശ നിര്‍ദേശങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികള്‍ ഉറപ്പാക്കണമെന്നും ധനമന്ത്രി പറഞ്ഞു.
ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡംഗം ഡോ. കെ.എന്‍. ഹരിലാല്‍ ആമുഖാവതരണം നടത്തി.
കോട്ടയം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ ജില്ലാ പദ്ധതിയുടെ കരട് ഇന്നലെ (ഫെബ്രുവരി 14) കളക്ടര്‍മാരും ആസൂത്രണ സമിതി അധ്യക്ഷരായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ചേര്‍ന്ന് അവതരിപ്പിച്ചു.മറ്റ് ഏഴു ജില്ലകളിലെ ജില്ലാപദ്ധതി കരട് തിങ്കളാഴ്ച അതത് ജില്ലാ കളക്ടര്‍മാര്‍ അവതരിപ്പിച്ചിരുന്നു.
ജില്ലകള്‍ അവതരിപ്പിച്ച കരട് പദ്ധതികളിന്‍മേല്‍ നടന്ന പ്രതികരണങ്ങളില്‍ നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എം.എ. ഉമ്മന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. ബി. ഇഖ്ബാല്‍, ഡോ. ആര്‍. രാംകുമാര്‍, ഡോ. ടി. ജയരാമന്‍, ഡോ. ജയന്‍ തോമസ്, മുന്‍ ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്‍ എന്നിവരെക്കൂടാതെ ഡോ.എന്‍. രമാകാന്തന്‍, ഡോ. ജോയ് ഇളമണ്‍, എസ്. ജമാല്‍, എ. കസ്തൂരിരംഗന്‍, ഡോ. സി. ഭാസ്‌കരന്‍, കെ. ശിവകുമാര്‍, ഡോ. ജെ.ബി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പതിവ് രീതിയിലെ പദ്ധതി നടത്തിപ്പില്‍ നിന്ന് വ്യത്യസ്തമായി ജില്ലയുടെ സമഗ്ര വികസനകാഴ്ചപ്പാടോടെ തയാറാക്കുന്നതാണ് ജില്ലാ പദ്ധതികള്‍. ജില്ലാ ആസൂത്രണ സമിതികള്‍ വിവിധതലത്തില്‍ ചര്‍ച്ച നടത്തി രൂപീകരിച്ച കരട് പദ്ധതിയാണ് രണ്ടു ദിവസമായി അവതരിപ്പിച്ചത്. കൃത്യമായ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഇത്തരത്തില്‍ എല്ലാ ജില്ലകളും പദ്ധതി കരട് തയ്യാറാക്കിയത്.
രണ്ടു ഭാഗങ്ങളാണ് ജില്ലാ പദ്ധതിക്ക് ഉണ്ടാകുക. ജില്ലയുടെ വികസനം സംബന്ധിച്ച വിശാല കാഴ്ചപ്പാട് വ്യക്തമാക്കുന്ന ജില്ലാ വികസന പരിപ്രേക്ഷ്യം ആദ്യഭാഗമായും, കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയും വിശകലനം ചെയ്ത് ഭാവിയില്‍ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ രണ്ടാം ഭാഗമായും ഉണ്ടാകും.
ജില്ലാതലത്തില്‍ വിശദ ചര്‍ച്ചയ്ക്ക് വിധേയമാക്കിയാണ് സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന വികസന കൗണ്‍സില്‍ കൂടി ഈ പദ്ധതികള്‍ അംഗീകരിക്കുന്നതോടെ ജില്ലാ പദ്ധതികള്‍ യാഥാര്‍ഥ്യമാകും.
ഇത്തവണ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പദ്ധതി നടത്തിപ്പ് ആരംഭിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ജില്ലാപദ്ധതികളുടെ വിലയിരുത്തല്‍ ശില്‍പശാലയുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി നിരീക്ഷിച്ച് മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മോണിറ്ററിംഗ് കമ്മിറ്റികള്‍ ഉണ്ടാകും.
ജില്ലയില്‍ വിവിധ ഏജന്‍സികളും തദ്ദേശസ്ഥാപനങ്ങളും വഴി നടപ്പാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിക്കാനും ജില്ലയുടെ പൊതു വികസനത്തിന് സമഗ്ര പരിപ്രേക്ഷ്യം രൂപീകരിക്കാനും ജില്ലാ പദ്ധതികള്‍ക്ക് കഴിയും.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ജില്ലാതലത്തില്‍ സമഗ്ര വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടും രൂപരേഖയും തയ്യാറാക്കുന്ന ജില്ലാപദ്ധതികള്‍ നടപ്പാക്കുന്നത് എന്നതും പ്രത്യേകതയാണ്.