* സാങ്കേതിക കമ്മിറ്റി അംഗീകരിച്ച 204 അപേക്ഷകളിൽ 177 ശസ്ത്രക്രിയകൾ പൂർത്തിയാക്കി

കേൾവിശക്തിയില്ലാത്ത കുരുന്നുകൾക്ക് ശബ്ദലോകത്തിന്റെ വാതായനങ്ങൾ തുറന്നുനൽകുന്ന സംസ്ഥാന സർക്കാരിന്റെ ‘ശ്രുതിതരംഗം’ പദ്ധതിയിലൂടെ ഇതുവരെ അംഗീകരിക്കപ്പെട്ട അപേക്ഷകളിൽ 86 ശതമാനം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. 2026 ജനുവരി 24ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പദ്ധതി വഴി ലഭ്യമാകുന്ന സേവനങ്ങളിൽ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പദ്ധതി പ്രകാരം ശസ്ത്രക്രിയയ്ക്ക് ലഭിച്ച അപേക്ഷകളിൽ സാങ്കേതിക കമ്മിറ്റി അംഗീകരിച്ച 204 അപേക്ഷകളിൽ 177 പേരുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. ഇതിൽ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 54 ശസ്ത്രക്രിയകളാണ് വിജയകരമായി നടന്നത്.

ശസ്ത്രക്രിയയ്ക്ക് പുറമെ കോക്ലിയർ ഉപകരണത്തിന്റെ റിപ്പയർ, പ്രോസസ്സർ അപ്‌ഗ്രേഡേഷൻ എന്നീ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്നുണ്ട്. ഉപകരണങ്ങളുടെ റിപ്പയറിനായി ലഭിച്ച 1481 അപേക്ഷകളിൽ 1161 എണ്ണത്തിലും (79%) ഇതിനകം പരിഹാരമായി. ഈ സാമ്പത്തിക വർഷം മാത്രം 510 ഉപകരണങ്ങളാണ് പ്രവർത്തനസജ്ജമാക്കിയത്.

കോക്ലിയർ ഉപകരണത്തിന്റെ പ്രോസസ്സർ നവീകരണത്തിനായി ലഭിച്ച 357 അപേക്ഷകളിൽ 346 എണ്ണവും (97%) പൂർത്തിയാക്കി കഴിഞ്ഞു.

മൂന്ന് വയസ്സിൽ താഴെയുള്ള ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ പൂർണമായും സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് മുൻഗണനയെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടാതെ മെനിഞ്ചൈറ്റിസ്, മുണ്ടിനീര് തുടങ്ങിയ രോഗങ്ങൾ ബാധിച്ച് കേൾവി നഷ്ടപ്പെട്ട കുട്ടികൾക്ക് 12 വയസ്സുവരെ ശസ്ത്രക്രിയയ്ക്കും, ശസ്ത്രക്രിയ കഴിഞ്ഞവർക്ക് 25 വയസ്സുവരെ പ്രോസസ്സർ അപ്‌ഗ്രേഡേഷനും സർക്കാർ സഹായം നൽകുന്നു.

സ്വകാര്യ ആശുപത്രികളിൽ ഏറ്റവും കുറഞ്ഞത് 8 മുതൽ 10 ലക്ഷം രൂപ വരെ ചിലവ് വരുന്ന കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയാണ് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ സാധാരണക്കാർക്ക് സർക്കാർ ലഭ്യമാക്കുന്നത്.

2012ൽ സാമൂഹിക നീതി വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതി, 2023 മുതൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറിയത്.

സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ മികച്ച ആശുപത്രികളുടെ ശൃംഖല വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമെ എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കിംസ് ഹെൽത്ത്, ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, അസ്സന്റ് ഇ.എൻ.ടി ആശുപത്രി തുടങ്ങിയ പ്രമുഖ ആശുപത്രികളും ഈ സേവന ശൃംഖലയിലുണ്ട്.

കുട്ടികൾക്ക് ‘ഓഡിറ്ററി വെർബൽ ഹാബിലിറ്റേഷൻ’ തെറാപ്പിയും സർക്കാർ സൗജന്യമായി ഉറപ്പാക്കുന്നു. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) വഴി വിദഗ്ധമായ തെറാപ്പി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.