തൃശ്ശൂർ: പഴമയിലും പുതുമ തേടുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ. ലോക്ഡൗൺ കാലത്ത് അയൽക്കൂട്ട അംഗങ്ങൾക്ക് നിരവധി വ്യത്യസ്ത ടാസ്‌കുകൾ നൽകിയ കുടുംബശ്രീ ജില്ലാ മിഷൻ ഉപയോഗശൂന്യമായ ഓട് ഉപയോഗിച്ചും പ്ലാവില കുമ്പിളാക്കിയും കൃഷി ഒരുക്കുകയാണ്.

ഉപയോഗശൂന്യമായ ഓടുകൾ നാലെണ്ണം വീതം മണ്ണിൽ കുത്തി നിർത്തി ചതുരാകൃതിയിൽ ചെടിചട്ടി പോലെയാക്കി അവയെ ചരട് കൊണ്ടോ മറ്റോ കെട്ടി ബന്ധിപ്പിച്ച് അതിനകത്ത് മണ്ണ് നിറച്ചാണ് വിത്ത് പാകുന്നത്. എന്നും നനച്ചു കൊടുത്ത് വിത്തുകൾ മുളച്ച് അതിൽതന്നെ വളരുന്നു.

ഇതിനുപുറമേ പ്ലാവില കുത്തിയും കൃഷി ഒരുക്കുകയാണ് കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ. പ്ലാവില കുമ്പിളാക്കി ഈർക്കിൽ വെച്ച് ഉറപ്പിച്ച് അതിൽ ഒരു പാളി മണ്ണും അതിനുമുകളിൽ വിത്തും വിത്തിന് മുകളിൽ ഒരു പാളി കൂടി മണ്ണും ഇട്ട് നനച്ച് ഉപയോഗശൂന്യമായ പാത്രങ്ങളിലോ ട്രേകളിലോ നിരത്തിയാണ് തൈകൾ മുളപ്പിക്കുന്നത്.

ദിവസങ്ങൾക്ക് ശേഷം മുളക്കുന്ന തൈകൾ മണ്ണിലോ ഗ്രോ ബാഗിലോ നിറച്ച് കൃഷി തുടരുന്നു. എല്ലാ പഞ്ചായത്തുകളിലും ആവേശകരമായ രീതിയിലാണ് ഈ രണ്ടു കൃഷിരീതികളും അയൽക്കൂട്ട അംഗങ്ങൾ തുടർന്നു വരുന്നത്.