തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല ആവിഷ്‌കരിക്കുന്ന പ്രത്യേക തീവ്രയത്‌ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സർവകലാശാല ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു.

കോവിഡ് 19 അടച്ചിടൽ മൂലം കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയിൽ ഉണ്ടായ വിടവ് നികത്തുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ആയി കേരള സർക്കാർ ആവിഷ്‌കരിച്ച ‘സുഭിക്ഷ കേരളം ‘പദ്ധതിക്ക് പിന്തുണ നൽകുന്നതിനാണ് കേരള കാർഷിക സർവ്വകലാശാല സമഗ്ര തീവ്രയത്‌ന പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്.

കോവിഡ് കാലത്തെ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ കാർഷിക സർവകലാശാല അതിന്റെ സർവശക്തിയുമുപയോഗിച്ചു രംഗത്ത് വരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോക് ഡൌൺ കാലഘട്ടത്തിൽ എല്ലാവർക്കും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ട്.ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച് വിത്തുല്പാദനത്തിനുള്ള സമഗ്ര പരിപാടി നടത്തും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഐ എസ് ഉമാദേവിക്കും മടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് പിഎസ് വിനയനും കാർഷിക സർവകലാശാലയുടെ പ്രകൃതിസൗഹൃദ പച്ചക്കറി കൂട്ടായ ‘ഏക’പാക്കറ്റുകൾ നൽകിയാണ് മന്ത്രി പരിപാടി ഉദ്ഘാടനം നിർവഹിച്ചത്.

സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർആർ ചന്ദ്രബാബു പരിപാടി വിശദീകരിച്ചു. തൃശൂർ മേയർ അജിത ജയരാജൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, മടക്കത്തറ പഞ്ചായത്ത് പ്രസിഡൻറ് പിഎസ് വിനയൻ, സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജിജു പി അലക്‌സ്, ഗവേഷണവിഭാഗം മേധാവി ഡോ മധു സുബ്രഹ്മണ്യൻ, കർഷക പ്രതിനിധികൾ രജിസ്ട്രാർ ഡോക്ടർ ഡി ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.