എന്‍.സി.ഇ.ആര്‍.ടി യുടെ 23-ാമത് ദേശീയ ഓഡിയോ വീഡിയോ ഫെസ്റ്റിവലില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിക്ക് (എസ്.ഐ.ഇ.ടി) സെക്കന്ററി വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ വീഡിയോ ചിത്രത്തിന് പുരസ്‌കാരം.  ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡിലെ ഊര്‍ജ്ജതന്ത്ര പാഠപുസ്തകത്തെ അധികരിച്ചു നിര്‍മിച്ച ചിത്രമാണ് പുരസ്‌കാരം നേടിയതത്.
 ഭോപ്പാല്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനില്‍ ഫെബ്രുവരി 21 മുതല്‍ 23 വരെയായിരുന്നു ചലച്ചിത്രമേള.  സമാപന ചടങ്ങില്‍ എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി. അബുരാജ് പ്രമുഖ നടന്‍ മുകേഷ് ഖന്നയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.  നാല്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് അവാര്‍ഡ്.  എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഹൃഷികേശ് സേനപതി, ജോയിന്റ് ഡയറക്ടര്‍ അമരേന്ദ്ര ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുത്തു.  കഴിഞ്ഞ വര്‍ഷമാണ് എസ്.ഐ.ഇ.ടി ഡിജിറ്റല്‍ കണ്ടന്റ് നിര്‍മ്മാണം ആരംഭിച്ചത്.  എഴുപത് മണിക്കൂര്‍ വീഡിയോയും അനിമേഷനും ഈ വര്‍ഷം നിര്‍മ്മിച്ചു.  വിദ്യാ പ്രോജക്ടിന്റെ ഭാഗമായി മൊബൈല്‍ ആപ് എസ്.ഐ.ഇ.ടി നിര്‍മ്മിച്ചുവരികയാണ്.