സമൂഹത്തിന്റെ സംരക്ഷണവും കരുതലും ആവശ്യമായ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ നടത്തുന്ന പഠനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.  കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, മാനസിക – ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട് നിയമങ്ങളുടെ ഫലപ്രദമായ നടത്തിപ്പിലുള്ള പ്രശ്‌നങ്ങളാണ് പഠന വിധേയമാക്കുന്നത്.  ഈ വിഭാഗങ്ങള്‍ വിവേചനത്തിന് വിധേയമാകുന്ന സാഹചര്യവും അതിന്റെ സാമൂഹ്യ പശ്ചാത്തലവും കമ്മീഷന്‍ പഠന വിധേയമാക്കും.
ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രാബല്യത്തിലുള്ള വിവിധ ക്ഷേമ നിയമങ്ങള്‍ നടപ്പാക്കുന്നത് നിയമത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതിനനുസൃതമായാണോ എന്നും പോരായ്മകള്‍ എന്തെല്ലാമാണെന്നും കണ്ടെത്തി കമ്മീഷന്‍ സര്‍ക്കാരിന് പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും.
ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനായി കമ്മീഷന്റെ www.arc.kerala.gov.in എന്ന ഇന്ററാക്ടീവ് വെബ്‌സൈറ്റില്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താം.