പുനരധിവാസ പുനരുജ്ജീവന പദ്ധതികള്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു

· 88 വീടുകള്‍ക്ക് തറക്കല്ലിടല്‍, 15 വീടുകളുടെ താക്കോല്‍ദാനം
· 60 കുടുംബങ്ങള്‍ ഭൂവിതരണം
· 24 കുടുംബങ്ങള്‍ക്ക് തൊഴില്‍
ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 88 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം, 15 വീടുകളുടെ താക്കോല്‍ ദാനം, കാരാപ്പുഴ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മേപ്പാടി,മൂപ്പൈനാട്,മുട്ടില്‍ എന്നീ പഞ്ചായത്തുകളിലെ 60 ആദിവാസി കുടുംബങ്ങള്‍ക്ക് തൃക്കൈപ്പറ്റ വില്ലേജിലെ പരൂര്‍കുന്നില്‍ നല്‍കുന്ന ഭൂമിയുടെ കൈവശാവകാശ രേഖയുടെ വിതരണം, കണിയാമ്പറ്റ ഊരാളി കോളനിയിലെ 24 ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍ തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.


പദ്ധതി വിവരങ്ങള്‍ :
· മേപ്പാടി തൃക്കൈപ്പറ്റ വില്ലേജിലെ പരൂര്‍കുന്നില്‍ ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ നിര്‍മ്മിക്കുന്ന 54 വീടുകളുടെയും വൈത്തിരി പഞ്ചായത്തിലെ അറമല നിക്ഷിപ്ത വനഭൂമിയില്‍ 28 ആദിവാസി കുടുംബങ്ങള്‍ക്കുളള ഭവനങ്ങളുടെയും കുടുംബശ്രി മേപ്പാടി പുതുമലയില്‍ നിര്‍മ്മിക്കുന്ന 6 വീടുകളുടെയും തറക്കല്ലിടല്‍


· പ്രിയദര്‍ശ്ശിനി കോളനിയിലെ 3 വീടുകളുടെയും പൂക്കോട്ട് കുന്നില്‍ പണി പൂര്‍ത്തീകരിച്ച 4 വീടുകളുടെയും വട്ടക്കുണ്ട് കാട്ട്‌നായ്ക്കന്‍ കോളനിയിലെ ഒരു വീടിന്റെയും പൊഴുതന ആലക്കണ്ടി പണിയകോളനിയിലെ ഏഴ് ഭവനങ്ങളുടെയും താക്കോല്‍ദാനം.


· ചേല അപ്പാരല്‍ പാര്‍ക്കില്‍ കണിയാമ്പറ്റ പാടിക്കുന്ന് ഊരാളി കോളനിയിലെ 24 ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍,കളിമണ്‍പാത്ര നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം.


· പ്രിയദര്‍ശ്ശിനി കോളനിയെ പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ റോഡുമായി ബന്ധപ്പെടുത്തുന്ന പ്രിയദര്‍ശിന് റോഡ്, പഴശ്ശി കോളനി റോഡ് എന്നിവയുടെ ഉദ്ഘാടനം


ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കും -മന്ത്രി എ.കെ ബാലന്‍

ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമിനല്‍കാനുളള നടപടികളാണ് നടന്ന് വരുന്നത്. ഇവരില്‍ ഭൂരിഭാഗവും വയനാട് ജില്ലയിലുളളവരാണ്്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്‍കാനുളള നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും കരുതലിനും വലിയ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 4361 ഭൂരഹിത പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 3588.52 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. 12,000 പേര്‍ക്ക് വീട് നല്‍കാനും ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കും ലൈഫ് മിഷനിലൂടെ വീട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാരാപ്പുഴയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുനരധിവാസ വിഷയത്തില്‍ കാര്യമായ ഇടപെടുകള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൂപ്പൈനാട്, മുട്ടില്‍ പഞ്ചായത്തുകളിലെ 60 കുടുംബങ്ങളെ കൂടി തൃക്കൈപ്പറ്റ വില്ലേജിലെ പരൂര്‍ക്കുന്നില്‍ പുനരധിവസിപ്പിക്കും. 10 സെന്റ് ഭൂമിയാണ് ഇവര്‍ക്ക് നല്‍കുക. ഇവിടെ ഇതിനകം 218 പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. 20 വീടുകളും നിര്‍മ്മിച്ച് നല്‍കി. 54 വീടുകളുടെ തറക്കല്ലിട്ടല്‍ കര്‍മ്മവും നടത്തിയാതായും മന്ത്രി പറഞ്ഞു.

പട്ടിക വിഭാഗങ്ങളുടെ തൊഴിലിനും വിദ്യാഭ്യാസ പുരോഗതിക്കും നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. പട്ടിക വര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് അവരുടെ മാതൃഭാഷ അറിയുന്നവരായ 267 മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ച ഗോത്രബന്ധു പദ്ധതിയും എസ്.സി.എസ്.ടി. വിഭാഗങ്ങള്‍ക്കായി ഊരുകളോട് ചേര്‍ന്ന് 12500 പഠന മുറികള്‍ സ്ഥാപിച്ചതും രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദനമറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ സാമൂഹ്യ പുരോഗതിക്കായി വാത്സല്യനിധി എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു. പ്രീമിയം തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. 18 വയസാകുമ്പോള്‍ മൂന്ന് ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. പൊലീസ് എക്‌സൈസ് സേനകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ നൂറ് വീതം പട്ടികവര്‍ഗ്ഗ യുവതി യുവാക്കളെ നിയമിച്ചിട്ടുണ്ട്. വനം വകുപ്പില്‍ ബീറ്റ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ച് തൊഴില്‍ നല്‍കുവാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. 7156 പേര്‍ക്കാണ് തൊഴില്‍ നൈപുണ്യ വികസന പരിശീലനം നല്‍കിയത്. ഇതിലൂടെ 2376 പേര്‍ക്ക് തൊഴില്‍ ലഭ്യമായി. എസ്.സി. എസ്.ടി. വിഭാഗത്തില്‍പ്പെട്ട 360 പേര്‍ക്ക് വിദേശത്തും തൊഴില്‍ ലഭിച്ചു.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 100 ദിവസത്തെ തൊഴില്‍ ദിനത്തിന് പുറമെ 100 ദിവസം അധിക തൊഴില്‍ നല്‍കുന്ന ട്രൈബല്‍ പ്ലസ് പദ്ധതിയും നടപ്പാക്കി. എസ്.സി.എസ്.ടി. വിഭാഗങ്ങളുടെ ചികിത്സാ ധനസഹായമായി 254 കോടി രൂപ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വരുമാന ദായകരായ കുടുംബനാഥന്‍ മരിച്ചാല്‍ കുടുംബത്തിന് നല്‍കുന്ന സാമ്പത്തിക സഹായം 50000 രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കൃഷി വകുപ്പുമായി ചേര്‍ന്ന് അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയും ആരംഭിച്ചു. പാട്ടകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ മുഖേന ജോയിന്റ് ലാബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ചു പുതിയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. എസ്.സി.എസ്.ടി. വിഭാഗങ്ങളുടെ പൈതൃക സംസ്‌കാരങ്ങളെയും കലകളെയും തനത് രുചികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗദ്ദിക സാംസ്‌കാരികോത്സവം സംഘടിപ്പിക്കുകയും ഇതിലൂടെ 4.6 ലക്ഷം കോടി രൂപയുടെ പാരമ്പര്യ തനത് ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്താനും സാധിച്ചിട്ടുണ്ട്. ഗദ്ദിക ബ്രാന്‍ഡ് നെയിമില്‍ തനത് ഉല്‍പ്പന്നങ്ങളുടെ ഓണ്‍ ലൈന്‍ വില്‍പ്പനയും ആരംഭിച്ചിതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍, സംസ്ഥാന പട്ടിക വര്‍ഗ്ഗ ഉപദേശക സമിതി അംഗങ്ങളായ സീതാഹാലന്‍, റ്റി.മണി, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.